താറാവുകളിലെ രോഗബാധക്ക് വാക്സിന്‍: പരീക്ഷണം 2000 താറാവുകളില്‍, മരുന്ന് വികസിപ്പിച്ചത് മണ്ണുത്തി വെറ്ററിനറി കോളേജിന്റെ നേതൃത്വത്തില്‍ , ഗവേഷണം പൂർത്തിയാക്കിയത് പന്ത്രണ്ട് വാർഷം കൊണ്ട്

Spread the love

സ്വന്തം ലേഖിക
തൃശൂര്‍ : മണ്ണുത്തി വെറ്ററിനറി കോളേജിന്റെ നേതൃത്വത്തില്‍ താറാവുകളില്‍ കണ്ടുവരുന്ന രോഗബാധക്കായി വികസിപ്പിച്ചെടുത്ത പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള വാക്സിന്‍ കുത്തിവച്ച താറാവുകളെ പരീക്ഷണാടിസ്ഥാനത്തില്‍ അരിമ്ബൂര്‍ പഞ്ചായത്തില്‍ വിതരണം ചെയ്തു.

video
play-sharp-fill

താറാവുകളില്‍ കണ്ടു വരുന്ന റെയ്മറെല്ല രോഗത്തിനുള്ള മൂന്ന് വാക്സിനുകളാണ് വെറ്ററിനറി കോളേജിലെ അസി. പ്രൊഫ. ഡോ. പ്രിയ പി.എം. പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണ ഫലമായി വികസിപ്പിച്ചെടുത്തിട്ടുള്ളത്. താറാവുകള്‍ കഴുത്ത് തൂങ്ങി തീറ്റ കഴിക്കാതെ കാലുകള്‍ പിണഞ്ഞ് ശേഷി കുറഞ്ഞ് വീണ് ചാകുന്ന രോഗമാണ് റെയ്മറെല്ല

ഇനാക്ടിവേറ്റഡ് വാക്‌സിൻ (Inactivated വാക്‌സിൻ), മോന്റനിടെ എഡിജുവന്റ ഇനാക്ടിവേറ്റഡ് വാക്‌സിൻ (Montanide adjuvant inactivated വാക്‌സിൻ), സബ് യൂണിറ്റ് വാക്‌സിൻ (subunit വാക്‌സിൻ) എന്നിവയാണ് താറാവുകളില്‍ കുത്തി വച്ച്‌ പരീക്ഷിക്കുന്നതിനായി കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി രണ്ടായിരം താറാവുകളെ മൂന്ന് ഗ്രൂപ്പായി തരം തിരിച്ച്‌ ഓരോ ഗ്രൂപ്പിലും ഓരോ വാക്സിനാണ് താറാവുകളുടെ പ്രതിരോധ ശേഷി പരിശോധിക്കാനായി പ്രയോഗിച്ചിട്ടുള്ളത്.

ഒരു മാസം പ്രായമായ താറാവുകളെയാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. അഞ്ചു മാസക്കാലം ഇവയുടെ വളര്‍ച്ചയും പ്രതിരോധ ശേഷിയും വെറ്ററിനറി കോളേജിലെ സംഘം പരിശോധിക്കും. അരിമ്ബൂര്‍ പഞ്ചായത്തിലെ എന്‍.ഐ.ഡി റോഡ്, കപ്പല്‍ പള്ളി, തേമാലിപ്പുറം പ്രദേശങ്ങളിലാണ് താറാവുകളെ വിതരണം ചെയ്തത്.

വെറ്ററിനറി കോളേജ് അസി. പ്രൊഫ. ഡോ. പ്രിയ പി.എം. നേതൃത്വം നല്‍കി. വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍. ശശീന്ദ്രനാഥ്, ഡോ.എം. മിനി, ഡോ.ബിനു കെ.മാണി, ഡോ. സൂര്യ ശങ്കര്‍, അരിമ്ബൂര്‍ പഞ്ചായത്തംഗം സി.പി. പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു വര്‍ഷത്തേക്ക് പ്രൊജക്റ്റിനായി വേണ്ടി വരുന്ന 18.5 ലക്ഷം നബാര്‍ഡാണ് നല്‍കുന്നത്.