
കണ്ണൂർ: നേതൃത്വത്തെ അണികള്‍ തിരുത്തണമെന്ന് വി കുഞ്ഞികൃഷ്ണൻ. പാർട്ടിയില്‍ നിന്ന് പുറക്കാക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ അതിരൂക്ഷ വിമർശനങ്ങള്‍.
ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കള്‍ മാറിയെന്നാണ് പുസ്തകത്തില്‍ പറയുന്നത്. തീവെട്ടിക്കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാ തത്വങ്ങള്‍ നിർലജ്ജം ഉപയോഗിക്കുന്നു. ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് പയ്യന്നൂർ എംഎല്‍എ ടി ഐ മധുസൂദനന്റേതെന്നും പുസ്തകത്തിലുണ്ട്.
അടുത്ത ബുധനാഴ്ച പുസ്തകം പ്രകാശനം ചെയ്യും. രക്തസാക്ഷി ഫണ്ട് തട്ടിപ്പുള്‍പ്പെടെ സാമ്പത്തിക ക്രമക്കേടുകളും അതിന്റെ വിശദമായ കണക്കുകളുമാണ് ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തില്‍ പ്രധാനമായും ഉള്ളത്. ഇതിനൊപ്പമാണ് പാർട്ടി നേതൃത്വത്തെയും വിമർശിക്കുന്നത്. സിപിഎമ്മിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചു. ഒരു സാധാരണ തിരഞ്ഞെടുപ്പ് പാർട്ടിയായി സിപിഎം മാറി. നേതാക്കള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി. അവരെക്കുറിച്ച് പഠിച്ചാല്‍ ഒരു പ്രബന്ധം തന്നെ തയ്യാറാക്കാനുണ്ടെന്ന് പുസ്തകത്തില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
16 അദ്ധ്യായങ്ങളും 96 പേജുമുള്ള പുസ്തകത്തില്‍ പയ്യന്നൂർ എംഎല്‍എയെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. എതിർക്കുന്നവരോട് മരണം വരെ പകവച്ച് പുലർത്തുന്ന ആളാണ് എംഎല്‍എ എന്നും പറയുന്നുണ്ട്. പയ്യന്നൂരിലെ പാർട്ടി നന്നാവണമെങ്കില്‍ ടി എ മധുസൂദനൻ ആദ്യം നന്നാവണം. ആശ്രിതരെ സൃഷ്ടിക്കുന്ന ബൂർഷ്വാ രാഷ്ട്രീയ ശൈലിയാണ് മധുസൂദനന്. താനാണ് പാർട്ടി. താൻ പറയുന്നതേ നടപ്പാവൂ എന്നതാണ് രീതിയെന്നും പുസ്തകത്തില്‍ പറയുന്നു.
അപമാനിക്കപ്പെട്ടിട്ടും ഒന്നിച്ചുപോകാൻ ശ്രമിച്ചിട്ടും പയ്യന്നൂരിലെ വിഭാഗീയതയുടെ അടിസ്ഥാന കാരണം മനസിലാക്കാൻ പാർട്ടി ജില്ലാ നേതൃത്വം തയ്യാറായില്ല. പാർട്ടിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സഖാക്കള്‍ക്കാണെന്ന് നേതൃത്വം ഇടയ്ക്കിടെ ഓർമിപ്പിക്കാറുണ്ട്. അത് ആത്മാർത്ഥമാണെന്ന് കരുതിയാണ് തെറ്റുകള്‍ ചൂണ്ടിക്കാട്ടിയത്. നേതാക്കള്‍ തെറ്റ് ചെയ്താല്‍ മിണ്ടരുതെന്ന് അനുഭവങ്ങള്‍ പഠിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണൻ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
‘പാർട്ടി പ്രവർത്തനത്തിന്റെ അന്ത്യം’ എന്ന തലക്കെട്ടോടെയാണ് അദ്ധ്യായം തീരുന്നത്. പാർട്ടിക്കകത്തെ തെറ്റുകള്‍ക്കെതിരെയും സമൂഹത്തിലെ അനീതികള്‍ക്കെതിരെയും സധൈര്യം പോരാടിയ സഖാവ് വി എസ് അച്യുതാനന്ദന്റെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുമ്പില്‍ പുസ്തകം സമർപ്പിക്കുന്നു എന്നാണ് അവസാനം പറഞ്ഞിരിക്കുന്നത്.



