സ്വന്തം ലേഖകൻ
കൊല്ലം: അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി വിധിയെഴുതിയ ഉത്രവധക്കേസിൽ പ്രതി സൂരജിന് 17 വർഷത്തെ ശിക്ഷയ്ക്ക് ശേഷം ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം ജില്ലഅഡീ.സെഷൻസ് കോടതി. പബ്ലിക്ക് പ്രോസിക്യൂട്ടർ മോഹൻരാജ് ആണ് വിധി പ്രസ്താവിച്ചത്.
ഉത്രയുടെ പിതാവും സഹോദരനും വിധി പ്രസ്താവിക്കുന്ന സമയം കോടതി മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അസാധാരണവും അവിശ്വസനീയവുമെന്ന് തോന്നിയ കേസിൻറെ നാൾ വഴികളിലൂടെ
മെയ് 7, അഞ്ചൽ ഏറം- അവിശ്വസനീയമായ ഒരു മരണ വാർത്തയാണ് കൊല്ലം അഞ്ചിലിൽ നിന്നും പുറത്ത് വന്നത്. ഒരു തവണ പാമ്പു കടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവതി കഷ്ടിച്ച് ഒന്നര മാസത്തെ ഇടവേളയിൽ വീണ്ടും പാമ്പിൻറെ കടിയേറ്റ് മരിച്ചു എന്ന വാർത്ത. ഏറം സ്വദേശികളായ വിജയസേനൻറെയും മണിമേഖലയുടെയും ഇരുപത്തിമൂന്നുകാരിയായ മകൾ ഉത്രയാണ് മരിച്ചത്. തനിക്കും കുഞ്ഞിനുമൊപ്പം സ്വന്തം വീടിൻറെ മുകൾ നിലയിലെ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന ഉത്രയെ ജനലിലൂടെ വീടിനുളളിൽ കയറിയ മൂർഖൻ കടിച്ചു എന്ന ഭർത്താവ് സൂരജിൻറെ പ്രചാരണത്തിൽ വീട്ടുകാർക്കോ ബന്ധുക്കൾക്കോ സംശയമൊന്നും തോന്നിയിരുന്നില്ല.
പക്ഷേ ഉത്രയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞതോടെ പാമ്പു കടിച്ചുവെന്ന സൂരജിൻറെ കഥയിൽ സംശയങ്ങൾ ഉയർന്നു തുടങ്ങി. മരണാനന്തര ചടങ്ങുകളിലെ സൂരജിൻറെ അമിതാഭിനയമാണ് ഉത്രയുടെ ബന്ധുക്കളിൽ സംശയം ജനിപ്പിച്ചത്. പാമ്പുകളോടുളള സൂരജിൻറെ ഇഷ്ടത്തെ കുറിച്ചുളള ചില സൂചനകളും കൂടി കിട്ടിയതോടെ പൊലീസിനെ സമീപിക്കാൻ ഉത്രയുടെ കുടുംബം തീരുമാനിക്കുകയായിരുന്നു. അതാണ് ഒരു ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ചത്.
അഞ്ചൽ പൊലീസിനെയാണ് ഉത്രയുടെ കുടുംബം ആദ്യം സമീപിച്ചത്. പക്ഷേ ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൻറെ ദിശ മാറുന്നെന്ന് സംശയം ഉയർന്നതോടെ ഉത്രയുടെ കുടുംബം അന്നത്തെ കൊട്ടാരക്കര റൂറൽ എസ് പി ഹരിശങ്കറിനു മുന്നിൽ പരാതിയുമായി നേരിട്ടെത്തി. മികച്ച കുറ്റാന്വേഷകൻ എന്ന പേരു കേട്ട ജില്ലാ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി എ.അശോകൻറെ നേതൃത്വത്തിൽ പുതിയ സംഘം കേസ് അന്വേഷണം ഏറ്റെടുത്തു.
അന്നാണ് ഉത്രയുടെ കുടുംബത്തിൻറെ സംശയം ശരിവച്ചു കൊണ്ട് ക്രൈംബ്രാഞ്ചിൻറെ കണ്ടെത്തലും അറസ്റ്റും നടന്നത്. പാമ്പുപിടുത്തക്കാരനിൽ നിന്ന് പണം കൊടുത്തു വാങ്ങിയ മൂർഖൻ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചു കൊല്ലുകയായിരുന്നു എന്ന അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ നടുക്കത്തോടെയാണ് കേരളം കേട്ടത്. സൂരജും,സഹായിയായ പാമ്പു പിടുത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷും അറസ്റ്റിലായി.
2020 മാർച്ച് മാസത്തിൽ അടൂരിലുളള സൂരജിൻറെ വീട്ടിൽ വച്ച് ഉത്രയെ അണലി കടിച്ചിരുന്നു .പക്ഷേ ഉത്ര രക്ഷപ്പെട്ടു. ആ സംഭവവും ആസൂത്രിതമായി താൻ നടപ്പാക്കിയതാണെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചു. മരണം ഉറപ്പാക്കാനാണ് മൂർഖൻ പാമ്പിനെ വാങ്ങി രണ്ടാമത് കടിപ്പിച്ചതെന്നും സംശയങ്ങൾ ഒഴിവാക്കാനാണ് ഉത്രയുടെ വീട്ടിൽ വച്ചു തന്നെ കൊലപാതകം നടത്തിയതെന്നും സൂരജ് പറഞ്ഞു.
മരിക്കുന്നതിൻറെ തലേന്ന് രാത്രിയോടെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി സൂരജ് നൽകി. ശേഷം മൂർഖൻ പാമ്പിനെ സൂക്ഷിച്ചിരുന്ന ബാഗ് കാറിൽ നിന്ന് എടുത്ത് കട്ടിലിന് അടിയിലേക്ക് മാറ്റി. അർധരാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പിച്ച ശേഷമാണ് ഉത്രയെ കൊല്ലാനുളള നീക്കങ്ങൾ സൂരജ് തുടങ്ങിയത്. കട്ടിലിനടയിലെ ബാഗിൽ ഒരു പ്ലാസ്റ്റിക് ഭരണയിലാണ് മൂർഖൻ പാമ്പിനെ സൂക്ഷിച്ചിരുന്നത്. രാത്രി പാമ്പിനെ എടുത്ത ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന ഉത്രയുടെ ശരീരത്തിലേക്ക് മൂർഖൻ പാമ്പിനെ കുടഞ്ഞിട്ടു. പക്ഷേ പാമ്പ് ഉത്രയെ കടിച്ചില്ല. ഇതോടെ പാമ്പിൻറെ ഫണത്തിൽ പിടിച്ച് ഉത്രയുടെ കൈയിൽ താൻ കടിപ്പിക്കുകയായിരുന്നെന്ന് സൂരജ് വിശദീകരിച്ചു. അതിനു ശേഷം പാമ്പിനെ മുറിയിലെ അലമാരയ്ക്കടിയിലേക്ക് വലിച്ചെറിഞ്ഞു. പാമ്പ് തിരികെയെത്തി തന്നെ കടിക്കുമോ എന്ന പേടിയിൽ ഇരുകാലുകളും കട്ടിലിൽ എടുത്തു വച്ച് രാത്രി മുഴുവൻ താൻ ഉറങ്ങാതെ ഉത്രയുടെ മൃതശരീരത്തിനൊപ്പം ഇരുന്നെന്നും സൂരജ് പൊലീസിനോട് പറഞ്ഞു.
സൂരജിന് പാമ്പിനെ നൽകിയ സുരേഷും ആദ്യം കേസിൽ പ്രതി ചേർക്കപ്പെട്ടു. പക്ഷേ സ്വന്തം ഭാര്യയെ കൊല്ലാൻ വേണ്ടിയാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്ന മൊഴി മുഖവിലയ്ക്കെടുത്ത കോടതി സുരേഷിനെ മാപ്പു സാക്ഷിയാക്കി. രാജ്യത്തിൻറെയോ ഒരു പക്ഷേ ലോകത്തിൻറെയോ തന്നെ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവതയാണ് ഉത്ര വധക്കേസ്. അന്വേഷണ വഴികളിലും കോടതി നടപടികളിലുമെല്ലാം ഈ പ്രാധാന്യം ഉൾക്കൊണ്ടു തന്നെയാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനുമെല്ലാം മുന്നോട്ടു പോയതും.
ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ കൊലക്കേസിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കേസ് അന്വേഷണത്തിൽ നിർണണായകമായത് പോലീസ് കണ്ടെത്തിയ ശാസ്ത്രിയ തെളിവുകളായിരുന്നു. തെളിവുകളും ദൃക്സാക്ഷികളുമില്ലാതിരുന്ന കേസ് മാസങ്ങൾക്ക് ശേഷം തെളിയിച്ചത് കൊല്ലം റൂറൽ എസ്പി ഹരിശങ്കർ, അഡിഷണൽ എസ് പി മധുസൂദനൻ, ഡിവൈഎസ്പി അശോകൻ, നിലവിൽ കോട്ടയം വെസ്റ്റ് എസ് എച്ച് ഒ ആയ അനൂപ് കൃഷ്ണ എന്നിവരാണ്.