
സ്വന്തം ലേഖകന്‍
കോട്ടയം: സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ പണം കിട്ടാത്തതില്‍ പ്രതിഷേധിച്ച് അപ്പര്‍കുട്ടനാട് കാര്‍ഷിക വികസന സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം സപ്ലൈകോ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.
കഴിഞ്ഞ വിരിപ്പു കൃഷിയുടെ നെല്ലെടുത്തതിന്റെ പണമാണ് കര്‍ഷകര്‍ക്കു കിട്ടാനുള്ളത്. കോട്ടയം ജില്ലയില്‍ ഏഴായിരത്തിലധികം കര്‍ഷകരില്‍ നിന്ന് രണ്ടര ലക്ഷത്തോളം ക്വിന്റല്‍ നെല്ലാണ് സംഭരിച്ചത്. ഇതില്‍ രണ്ടായിരത്തോളം കര്‍ഷകര്‍ക്കു മാത്രമാണ് നെല്ലിന്റെ വില ലഭിച്ചിട്ടുളളത്. ബാക്കി അയ്യായിരത്തിലധികം കര്‍ഷകര്‍ പണത്തിനായി ഇപ്പോഴും പടി കയറി ഇറങ്ങുകയാണ്. എസ്ബിഐയുമായി ബന്ധപ്പെട്ട് നവംബര്‍ 29 വരെയും കാനറാ ബാങ്കുമായി ബന്ധപ്പെട്ട് ഡിസംബര്‍ 8 വരെയും മാത്രമാണ് പണം നല്കിയിട്ടുള്ളത്. ബാക്കിയുള്ളവരുടെ പണം ലഭ്യമായിട്ടില്ല. കര്‍ഷകര്‍ കടക്കെണിയിലാണ്.
വികസന സമിതി ഭാരവാഹികളായ ശശാങ്കന്‍, തോമസ് കെ.ടി, എം.കെ.ഗോപി, ജോസ് മേനോന്‍കരി, ജേക്കബ് തോമസ്, സത്യന്‍ വി.ആര്‍, സാബു സി.വി, ടോമി തുരുത്തുമാലില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group