മാതാപിതാക്കളുടെ അനുഗ്രഹവും ബാബുവിന്റെ ആശിർവാദവും നേടി അങ്കത്തിനൊരുങ്ങി ചാഴികാടൻ: യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പത്രിക സമർപ്പിച്ചു

മാതാപിതാക്കളുടെ അനുഗ്രഹവും ബാബുവിന്റെ ആശിർവാദവും നേടി അങ്കത്തിനൊരുങ്ങി ചാഴികാടൻ: യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പത്രിക സമർപ്പിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹവും സഹോദരൻ ബാബു ചാഴികാടന്റെ ആശിർവാദവും നേടി കോട്ടയം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വരണാധികാരി ജില്ലാ കളക്ടർ സുധീർ ബാബുവിന്റെ മുന്നിലാണ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പത്രിക സമർപ്പിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി , മോൻസ് ജോസഫ് എംഎൽഎ , ജില്ലാ കോൺഗ്രസ് കമ്മിറ്റി ചെയർമാൻ ജോഷി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാനാർത്ഥി പത്രിക സമർപ്പണത്തിനായി എത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ , ജോഷി ഫിലിപ്പ് , സണ്ണി തെക്കേടം , കുഞ്ഞുമോൻ മേത്തർ എന്നിവരാണ് നാമനിർദേശ പത്രികയിൽ സ്ഥാനാർത്ഥിയ്ക്ക് പിൻതുണ നൽകി നാമനിർദേശ പത്രികയിൽ ഒപ്പിട്ടത്.
പത്രിക പ്രാഥമിക പരിശോധന നടത്തിയ ശേഷം ജില്ലാ കളക്ടർ സ്വീകരിച്ചു.
കനത്ത ചൂടിനൊപ്പം നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നത് കൂടി ലക്ഷ്യമിട്ട് നാമനിർദേശ പത്രിക സമർപ്പണത്തിനായുള്ള പടുകൂറ്റൻ പ്രകടനം ഒഴിവാക്കിയിരുന്നു. സ്ഥാനാർത്ഥിയും നാല് യുഡിഎഫ് നേതാക്കളും മാത്രമാണ് പത്രിക സമർപ്പണത്തിനായി എത്തിയിരുന്നത്.
ഇന്നലെ രാവിലെ പത്രിക സമർപ്പണത്തിന് മുൻപ് കുടുബ പള്ളിയായ അരീക്കര പള്ളിയിൽ കുടുംബാംഗങ്ങളോടൊപ്പം എത്തിയ സ്ഥാനാർത്ഥി കുർബാനയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചു. തുടർന്ന് അച്ഛന്റെയും , അമ്മയുടെയും, സഹോദരൻ ബാബു ചാഴികാടന്റെയും കുഴിമാടത്തിലെത്തി അനുഗ്രഹം തേടി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. തുടർന്ന് രാഷ്ട്രീയ ഗുരുനാഥനും കേരള കോൺഗ്രസ് എം ചെയർമാനുമായ കെ.എം മാണിയെ കണ്ട് അനുഗ്രഹം വാങ്ങി. ഇവിടെ നിന്ന് തന്റെ അധ്യാപകരെയും ഗുരുക്കന്മാരെയും കണ്ട് അനുഗ്രഹം തേടിയ ശേഷമാണ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പണത്തിനായി യാത്ര തിരിച്ചത്.
പത്രിക സമർപ്പണം കൂടി പൂർത്തിയായതോടെ യു.ഡി.എഫ് പ്രവർത്തകർ ഇരട്ടി അവേശത്തിലാണ്. വിജയം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ബഹു ദൂരം മുന്നിലെത്തിയതോടെ പ്രവർത്തകരുടെ ആത്മവിശ്വാസവും ഇരട്ടിയായിട്ടുണ്ട്. ഞായറാഴ്ച മുതൽ മണ്ഡലം പര്യടനം ആരംഭിക്കുന്നതോടെ പ്രചാരണ രംഗത്ത് സജീവമാകാമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.