യു. പി യിൽ വ്യാജമദ്യം കഴിച്ച് പത്തുപേർ മരിച്ചു. സർക്കാർ മദ്യശാലയിൽ വ്യാജമദ്യമെന്ന് റിപ്പോർട്ട്.

യു. പി യിൽ വ്യാജമദ്യം കഴിച്ച് പത്തുപേർ മരിച്ചു. സർക്കാർ മദ്യശാലയിൽ വ്യാജമദ്യമെന്ന് റിപ്പോർട്ട്.

സ്വന്തം ലേഖകൻ

കാൺപുർ: ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ച് പത്തുപേർ മരിച്ചു. 16 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. കാൺപൂർ, ദേഹാത് ജില്ലകളിലാണ് ദുരന്തമുണ്ടായത്.
സർക്കാരിന്റെ മദ്യശാലയിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചാണ് അപകടമുണ്ടായതെന്ന് മരിച്ചവരുടെ ബന്ധുക്കൾ അറിയിച്ചതായി കാൺപൂർ എസ്.പി പ്രദ്യുമൻ സിങ് വ്യക്തമാക്കി. കാൺപുർ ജില്ലയിലെ ഹൂച്ചിൽ ശനിയാഴ്ച നാലുപേർ മരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലും ഒരാൾ മരണപ്പെട്ടു. രാജേന്ദ്ര കുമാർ(48), രത്നേശ് ശുക്ല(51), റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ജഗ്ജീവൻ റാം(62) ഉമേഷ്(30) ഭോലാ യാദവ്(30) എന്നിവരാണ് മരിച്ചത്.
മതൗലി, മഘയ്പൂർവ, ഭൻവാർപുർ ഗ്രാമങ്ങളിലായി അഞ്ചുപേരും മരിച്ചു. ശ്യാമു(40), ചുന്ന കുശവഹ(28), ഹരി മിശ്ര(50) നാഗേന്ദ്ര സിങ്(40) പങ്കജ് ഗൗതം(40) എന്നിവരാണ് മരിച്ചത്. മദ്യം സേവിച്ച ഏഴുപേർ എൽ.എൽ.ആർ ആശുപത്രി, ഉർസുല ഹോർസ്മാൻ മെമോറിയൽ ആശുപത്രി എന്നിവിടങ്ങളിലായി ചികിത്സയിലാണ്.
മദ്യശാലയുടെ ലൈസൻസ് ഹോൾഡറായ ശ്യാം ബാലകിനെതിരെ എക്സൈസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റ് നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിതരുടെ കുടുംബത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.