
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും.
വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥ പ്രകാരമാണ് ഉണ്ണികൃഷ്‌ണൻ പോറ്റി ഹാജരാകുന്നത്.
അതേസമയം തന്ത്രിയുടെ ജാമ്യഹർജി എതിർത്ത് കൊണ്ടുള്ള എസ്‌ഐടിയുടെ റിപ്പോർട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയില്‍ നല്‍കും. തിങ്കളാഴ്ചയാണ് ഹർജിയില്‍ വാദം കേള്‍ക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
110 ദിവസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇന്നലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം നല്‍കാത്തതിനാല്‍ ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ജയില്‍ മോചനം.
മുരാരി ബാബുവിനും, ശ്രീകുമാറിനും സുധീഷിനും പിന്നാലെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിച്ചത്. ജനുവരി 21ന് ആയിരുന്നു പോറ്റിക്ക് ദ്വാരപാലകപാളി കേസില്‍ ജാമ്യം ലഭിച്ചത്. ഇന്നലെ കട്ടിളപാളി കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം.



