play-sharp-fill
ഉണ്ണി മുകുന്ദന്റെ വീട്ടിലെ റെയ്ഡ്; ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്ന് ഇഡി ;  കറന്‍സിയും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തു

ഉണ്ണി മുകുന്ദന്റെ വീട്ടിലെ റെയ്ഡ്; ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്ന് ഇഡി ; കറന്‍സിയും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തു

സ്വന്തം ലേഖകൻ
പാലക്കാട്: നടൻ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഉണ്ണി മുകുന്ദന്റെ വീട്ടില്‍ പരിശോധന നടത്തിയത് കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പരിശോധനയില്‍ കറന്‍സിയും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തു. 1200 കോടിരൂപയുടെ മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി പതിനൊന്നിടങ്ങളിലാണ് ഇന്നലെ ഇഡി പരിശോധന നടത്തിയത്.

അതേസമയം, തന്റെ പുതിയ ചിത്രമായ മേപ്പടിയാന്‍ സിനിമയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച്‌ അറിയാനാണ് റെയ്ഡ് നടന്നതെന്ന് നടൻ പ്രതികരിച്ചിരുന്നു. അതിന്റെ രേഖകളെല്ലാം ഉ​ദ്യോ​ഗസ്ഥരെ ഏൽപിച്ചുവെന്നും നടൻ മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1200 കോടിയിലധികം രൂപ പലരില്‍ നിന്നായി തട്ടിച്ച സംഭവത്തില്‍ കണ്ണൂര്‍ പോലീസ് നേരത്തെ മലപ്പുറം സ്വദേശി കെ നിഷാദിനെതിരെ കേസെടുത്തിരുന്നു. നിലവില്‍ ഇയാള്‍ ഒളിവിലാണ്. സംഭവത്തില്‍ കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു.

ഉണ്ണി മുകുന്ദന്‍ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുമായി നിഷാദിന് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഉണ്ണി മുകുന്ദന്റെ വീട്ടിലും ഓഫീസിലും ഇഡി പരിശോധന നടത്തിയത്.

കൊച്ചിയില്‍ അന്‍സാരി നെക്‌സ്‌ടെല്‍, ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സ്, എലൈറ്റ് എഫ്എക്‌സ് എന്നീ സ്ഥാപനങ്ങളിലും, മലപ്പുറത്ത് മോറിസ് ട്രേഡിംഗ്, സ്റ്റോക്‌സ് ഗ്ലോബല്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമകളുടെ വീട്ടിലും പരിശോധനകള്‍ നടന്നു.

തമിഴ്‌നാട്ടില്‍ മധുരയിലെയും ചെന്നൈയിലെയും വിവിധ സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് വിവിധ ആളുകളുടെ അറസ്റ്റടക്കം ഉടനുണ്ടാകുമെന്നാണ് ഇഡി നല്‍കുന്ന സൂചന. മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 6 പേരെയാണ് കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിക്കുന്ന ‘മേപ്പടിയാന്റെ’ സാമ്പത്തിക വശങ്ങള്‍ പരിശോധിക്കാനാണ് റെയ്ഡ് നടത്തുന്നതെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. കൊച്ചി, കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്.