
വൈസ് ചാന്‍സലര്‍ക്കും പ്രോവൈസ് ചാന്‍സലര്‍ക്കും മുപ്പത് ലക്ഷം വീതം മുടക്കി രണ്ട് പുത്തന്‍ ഇന്നോവ ക്രിസ്റ്റ; ജീവനക്കാര്‍ക്ക് ബെന്‍സിന്റെ ആഡംബര ബസ്; കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നവര്‍ക്ക് പോലും പ്രത്യേക വാഹനം; അര്‍ഹതപ്പെട്ട ഗ്രാന്റ് പോലും വാങ്ങിയെടുക്കാന്‍ ശ്രമിക്കാതെ ഫീസ് നിരക്ക് കുത്തനെ കൂട്ടി വിദ്യാര്‍ത്ഥികളെ പിഴിയുന്നു; സാങ്കേതിക സര്‍വകലാശാലയിലെ ധൂര്‍ത്തിന് അന്ത്യം കുറിക്കാൻ ഗവര്‍ണര്‍ക്ക് ആകുമോ…..?
സ്വന്തം ലേഖിക
തിരുവനന്തപുരം: സര്‍വകലാശാലകളില്‍ വരും ദിവസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പ് അവഗണിച്ച് മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ പേരിലുള്ള സാങ്കേതിക സര്‍വകലാശാലയുടെ ധൂര്‍ത്തടി.
സാങ്കേതിക സര്‍വകലാശാലയില്‍ ആഡംബര വാഹനങ്ങള്‍ വാങ്ങി കൂട്ടി ലക്ഷങ്ങള്‍ പാഴാക്കുകയാണ്. വൈസ് ചാന്‍സലര്‍ക്കും, പ്രോ വൈസ് ചാന്‍സലര്‍ക്കും സഞ്ചരിക്കാന്‍ നിലവില്‍ വാഹനങ്ങളുണ്ടെങ്കിലും അത് മാറ്റി കഴിഞ്ഞ ആഴ്ച 30 ലക്ഷം വീതം വിലയുള്ള രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈസ് ചാന്‍സലറും പ്രോ വൈസ് ചാന്‍സലറും പുതിയ കാറുകള്‍ വാങ്ങുന്നതില്‍ ജീവനക്കാര്‍ അമര്‍ഷം പ്രകടിപ്പിക്കാതിരിക്കാന്‍ അതിന് മുൻപ് ജീവനക്കാരെയും തൃപ്തിപ്പെടുത്തി.
ബന്‍സിന്റെ ആഡംബര ബസ് ഉള്‍പ്പെടെ രണ്ടെണ്ണം വാങ്ങി നല്‍കി. ജീവനക്കാരെ ഓഫീസിലെത്തിക്കുന്നതും തിരിച്ചുകൊണ്ടാക്കുന്നതും ഈ ബസിലാണ്.
തീര്‍ന്നില്ല, സര്‍വകലാശാലയില്‍ പ്രത്യേകം വാഹനത്തില്‍ ചീറിപ്പായുന്നവര്‍ വേറെയുമുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നവര്‍ക്ക് പോലും പ്രത്യേക വാഹനം അനുവദിക്കുന്ന വിചിത്രമായ അവസ്ഥയാണ് സാങ്കേതിക സര്‍വകലാശാലയില്‍.
കരാാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ലീഗല്‍ അഡ്വൈസറും സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും കൂടാതെ ചില സിന്‍ഡിക്കേറ്റ് അംഗങ്ങളും വീട്ടിലേക്ക് പോകുന്നതിനും മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി സര്‍വകലാശാലാ വാഹനങ്ങള്‍ കൂടിയേ തീരുവെന്ന അവസ്ഥയാണ്.
സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഓഫീസ് വാഹനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ കിലോ മീറ്ററിന് എട്ട് രൂപ എന്ന നിലയില്‍ സര്‍വകലാശാലയില്‍ അടയ്ക്കണമെന്നാണ് നിയമം. എന്നാല്‍ അതും പാലിക്കപ്പെടുന്നില്ല. ഇത്തരം അനധികൃത യാത്രകള്‍ക്കായി മാത്രം സര്‍വകലാശാല സ്വന്തം ഫണ്ടില്‍ നിന്നും പ്രതിമാസം മുപ്പതിനായിരം രൂപ വീതം മിനിമം വാടക നല്‍കി ഏഴ് എസി കാറുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ എടുത്തിരിക്കുകയാണ്. പ്രതിമാസം 2.10 ലക്ഷം രൂപ വാടക ഇനത്തില്‍ മാത്രമാണ് ചെലവ്. ഇന്ധനത്തിന് വീണ്ടും ലക്ഷങ്ങള്‍ വേണം.
സര്‍ക്കാരില്‍ നിന്നും അര്‍ഹതപ്പെട്ട ഗ്രാന്റ് പോലും വാങ്ങിയെടുക്കാന്‍ ശ്രമിക്കാതെ ധൂര്‍ത്തിനായി പണം കണ്ടെത്താനാണ് വിദ്യാര്‍ത്ഥികളെ പിഴിയുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇതിന്റെ ഭാഗമായാണ് എല്ലാ ഫീസും 5 ശതമാനം വര്‍ധിപ്പിച്ച് കഴിഞ്ഞ ആഴ്ച സര്‍വകലാശാല ഉത്തരവിറക്കിയത്. കോവിഡ് മൂലം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലയുന്നതിനാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിട്ടും മറ്റ് സര്‍വകലാശാലകള്‍ ഫീസ് വര്‍ദ്ധനവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സാങ്കേതിക സര്‍വകലാശാലയുടെ തിടുക്കപ്പെട്ട നടപടി.
സ്വന്തമായി കെട്ടിടം പോലുമില്ലാതെ ശ്രീകാര്യത്ത് കോളേജ് ഓഫ് എന്‍ജിനിയറിങ് വളപ്പിലാണ് നിലവില്‍ സാങ്കേതിക സര്‍വകലാശാലയുടെ പ്രവര്‍ത്തനം.