യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ സഹപ്രവർത്തകനെ കുത്തിയ എസ്.എഫ്.ഐക്കാരൻ ജയരാജന്റെ അടുത്ത അനിയായി; കത്തിക്കുത്ത് സിപിഎം ഗ്രൂപ്പിസത്തിന്റെ ഭാഗം; നസിം പൊലീസിനെ തല്ലിയ കേസിലെ പ്രതി; പൊലീസിൽ കയറാൻ കാത്തിരിക്കെ രണ്ടാം ക്രിമിനൽക്കേസും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എസ്.എഫ്.ഐയുടെ ചുവപ്പൻകോട്ടയായ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ സഹപ്രവർത്തകനെ കുത്തിവീഴ്ത്തിയ കേസിലെ പ്രതിയായ നസിം സിപിഎമ്മിന്റെ കണ്ണൂരിലെ മുഖം ജയരാജന്റെ കടുത്ത അനുയായി. കത്തക്കുത്ത് സിപിഎമ്മിന്റെ ഗ്രൂപ്പിസം എസ്എഫ്‌ഐയെയും ബാധിച്ചതിന്റെ ഉദാഹരമമാണെന്ന വാദം ഉയർത്തി ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. പൊലീസിൽ ജോലി കാത്തിരിക്കുന്ന നസീം നേരത്തെ പൊലീസുകാരനെ തല്ലിയ കേസിലും പ്രതി ചേർക്കപ്പെട്ടിരുന്നു. എന്നാൽ, പാർട്ടിയും സർക്കാരും ഇടപെട്ട് നസീമിനെ രക്ഷിക്കുകയായിരുന്നു.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ജില്ലാക്കമ്മിറ്റി അംഗവുമായിരുന്ന നസീം നേരത്തെ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ്. ഈ കേസ് പിണറായി സർക്കാർ ഒതുക്കി തീർത്താണ് പോലീസ് നിയമനത്തിന് നസീമിന് വഴിയൊരുക്കിയത്.
അഖിലടക്കം വിദ്യാർഥികളെ ആക്രമിച്ചത് നസീമിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നും പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. നസീം ഉൾപ്പെടെ അഞ്ചു പേർക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എസ്എഫ്ഐ നേതാവ് നസീം സ്ഥിരം ക്രിമിനൽ കേസുകളിൽ പ്രതിയണെന്നും വ്യക്തമായി. പാളയത്ത് പട്ടാപ്പകൽ ട്രാഫിക് പൊലീസുകാരനെ തല്ലിച്ചതച്ചതും നസീമും കൂട്ടാളികളുമാണ്. ആക്രമണം നടത്തിയിട്ടും മാസങ്ങളോളം നസീമിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിരുന്നില്ല. സിപിഎമ്മിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. നസീം ഒളിവിലാണെന്ന വിചിത്ര വാദമാണ് പൊലീസ് സ്വീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ എന്നിവരെയാണ് എസ്എഫ്ഐ നേതാവ് നസീമും പ്രവർത്തകരും ക്രൂരമായി മർദിച്ചത്. പാളയം യുദ്ധസ്മാരകത്തിനു മുന്നിലായിരുന്നു സംഭവം. ബൈക്കിൽ വന്ന എസ്എഫ്ഐ പ്രവർത്തകൻ സിഗ്‌നൽ തെറ്റിച്ച് യു ടേണിനു ശ്രമിച്ചപ്പോൾ ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ തടഞ്ഞു. ഇതിനെ ചോദ്യം ചെയ്ത വിദ്യാർഥി അമൽ കൃഷ്ണയുടെ യൂണിഫോമിൽ പിടിക്കുകയും മർദിക്കുകയും ചെയ്തു. റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിനയചന്ദ്രനും ശരത്തും തടയാൻ ശ്രമിച്ചപ്പോൾ അവരെയും വിദ്യാർഥി ആക്രമിച്ചു. മൂന്നുപൊലീസുകാരും ചേർന്നു പ്രതിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടിമാറി. ഉടൻ എസ്എഫ്ഐ നേതാക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ഉടൻ തന്നെ ഇരുപതോളം എസ്എഫ്ഐക്കാരാണു സ്ഥലത്തെത്തിയത്. അവരുമായി സംസാരിക്കാൻ പൊലീസ് തയാറായെങ്കിലും അനുവദിച്ചില്ല. അക്രമിസംഘം മൂന്ന് പൊലീസുകാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകൾ നിലവിളിച്ചു. അവരെ അസഭ്യം പറഞ്ഞ അക്രമികൾ ഓടിക്കൂടിയ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയും ചെയ്തിരുന്നു.
മർദനത്തിനു തൊട്ടുപിന്നാലെ പൊലീസ് തിരിച്ചറിഞ്ഞ പ്രതികളിലൊരാളാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് പ്രസിഡന്റുമായ നസീം. അതേ നസീമിന്റെ നേതൃത്വത്തിൽ യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ച് ഗൂണ്ടാപ്രവർത്തനം ശക്തമായിരുന്നെന്നാണു വിദ്യാർഥികൾ തന്നെ വ്യക്തമാക്കുന്നത്. എസ്എഫ്ഐ നേതാക്കൾ പറയുന്ന പോലെ കോളേജിൽ പ്രവർത്തിച്ചില്ലെങ്കിൽ മർദനം ഉറപ്പാണ്. കല, സാഹിത്യം, സ്‌പോർട്‌സ് എന്നിവയുടെ ഒന്നിന്റെ പേരിൽ വിദ്യാർഥികൾ കൂട്ടുകൂടുന്നതോ ഒത്തുകൂടുന്നതോ എസ്എഫ്ഐക്കാർ അനുവദിക്കാറില്ല. മറ്റു സംഘടന പ്രവർത്തനം അനുവദിക്കില്ലെന്ന പേരിൽ മുൻപു നിരവധി വിദ്യാർഥികൾക്കു എസ്എഫ്ഐക്കാരുടെ മർദനമേറ്റിട്ടുണ്ട്.
അഖിലിനെ കുത്തിയ സംഭവത്തിൽ എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, യൂണിറ്റ് സെക്രട്ടറി നസീം മറ്റു നാല് യൂണിറ്റ് ഭാരവാഹികൾ എന്നിവർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസുകാരനെ തല്ലിയ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും നസീമിനെ പൊലീസ് അറസ്റ്റ് ചെയ്തില്ല. സംഭവത്തിൽ ഉന്നത ഇടപെടലുണ്ടായതോടെ നസീം ഒളിവിൽ പോയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
എന്നാൽ കേരള സർവകലാശാലയിൽ മന്ത്രിമാരായ കെ ടി ജലീലും, എകെ ബാലനും പങ്കെടുത്ത ഒരു പരിപാടിയിൽ മുൻനിരയിലെ സീറ്റിൽ നസീം ഇരിക്കുന്ന ഫോട്ടോ മാധ്യമങ്ങൾ പുറത്തു വിട്ടതോടെ സിപിഎം തന്നെ പ്രതിരോധത്തിലായി. നസീം അടുത്ത ദിവസം കന്റോൺമെന്റ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസുകാരെ റോഡിലിട്ട് തല്ലിയതടക്കം ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്തിട്ടും സംഘടനയിൽ നിന്നുള്ള ശക്തമായ പിന്തുണയുടെ ബലത്തിലാണ് നസീം അടക്കമുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കൾ മുന്നോട്ട് പോകുന്നത്. നിർബന്ധിത പണപ്പിരിവ് തടഞ്ഞതിന് അന്ധനായ ഒരു വിദ്യാർത്ഥിയെ എസ്എഫ്ഐ യൂണിയൻ നേതാക്കൾ തല്ലി ആശുപത്രിയിലാക്കിയത് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്. യൂണിയൻ ഭാരവാഹികളുടെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനി രണ്ട് മാസം മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചതും പിന്നെ കോളേജ് വിട്ടു പോയതും. ഈ പെൺകുട്ടിയെ പോലെ നൂറുകണക്കിന് വിദ്യാർത്ഥികൾ യൂണിയൻ നേതാക്കളുടെ പീഡനം കാരണം കോളേജ് വിട്ടു പോയിട്ടുണ്ട്.