ഡ്രൈവിങ് സ്‌കൂളുകളിൽ പഠിപ്പിക്കാൻ സാധാരണ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് തടയിടാൻ നടപടിയുമായി മോട്ടോർവാഹനവകുപ്പ്; ആർടി ഓഫീസർമാരുടെ നേതൃത്വത്തിൽ ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നൽകി തുടങ്ങി

Spread the love

ഒറ്റപ്പാലം: ഡ്രൈവിങ് സ്‌കൂളുകളിൽ പഠിപ്പിക്കാൻ സാധാരണ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയാൻ മോട്ടോർവാഹനവകുപ്പ് നടപടി തുടങ്ങി. ഇതിന്റെഭാഗമായി ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നൽകുന്ന നടപടി വിവിധ ജില്ലകളിൽ ആർടി ഓഫീസർമാരുടെ നേതൃത്വത്തിൽ തുടങ്ങി.

video
play-sharp-fill

അംഗീകാരമുള്ളതാണെന്ന് തിരിച്ചറിയാൻ വാഹനത്തിൻ്റെ ബോണറ്റിൽ പ്രത്യേക നമ്പർ ഉൾപ്പെട്ട സ്റ്റിക്കർ പതിക്കുകയാണ് ചെയ്യുന്നത്. ഡ്രൈവിങ് സ്കൂളുകൾക്ക് ലൈസൻസ് അനുവദിക്കുമ്പോൾ ഏതൊക്കെ വാഹനമാണ് പഠനത്തിന് ഉപയോഗിക്കുന്നതെന്ന് രജിസ്റ്റർചെയ്യുന്നുണ്ട്. ഇതിൽ ഉൾപ്പെടാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നത് വ്യാപകമാണ്.

സ്‌കൂളിന്റെ പേരുപയോഗിച്ച് സബ് ഏജൻ്റുമാർ നടത്തുന്ന രീതിയുണ്ടെന്നും ഇതിൽ ലൈസൻസിൽ ഉൾപ്പെടാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നുമാണ് മോട്ടോർവാഹനവകുപ്പിൻ്റെ കണ്ടെത്തൽ. ഇത് വ്യാജ ഡ്രൈവിങ് സ്കൂളുകളും വാഹനങ്ങളുമായാണ് മോട്ടോർവാഹനവകുപ്പ് കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈസൻസുള്ള നാലുചക്ര വാഹനങ്ങളിൽ, പഠിപ്പിക്കുന്നയാൾക്കുകൂടി നിയന്ത്രിക്കാവുന്ന ക്ലച്ചും ബ്രേക്കും അധികമായുണ്ടാകും. ലൈസൻസിൽ ഉൾപ്പെടാത്ത വാഹനങ്ങളിൽ ഇതുണ്ടാകില്ലെന്നുമാത്രമല്ല, ആവശ്യമായ സുരക്ഷാസംവിധാനങ്ങളുമുണ്ടാകില്ല. ഘടിപ്പിച്ചിട്ടുണ്ടെങ്കിൽത്തന്നെ അവ മോട്ടോർവാഹനവകുപ്പിന്റെ സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുമുണ്ടാകില്ല.

അനധികൃത വാഹനങ്ങൾ ഡ്രൈവിങ് പഠിപ്പിക്കാൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ സ്കൂളിനെതിരേ നടപടിയെടുക്കാനാണ് വകുപ്പിൻ്റെ തീരുമാനം. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടിയടക്കമുണ്ടാകുമെന്നാണ് മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നത്.