ഈ ചിറക്കടവിന് ഇതെന്നു പറ്റി..! രാഷ്ട്രീയ സംഘർഷവും, പൊലീസ് നിയന്ത്രണവും ക്ഷേത്ര ഉത്സവത്തിന്റെ പകിട്ട് കുറയ്ക്കുന്നു; നിയന്ത്രണങ്ങളിൽ വലഞ്ഞ് ഭക്തർ
സ്വന്തം ലേഖകൻ
ചിറക്കടവ്: രാഷ്ട്രീയ സംഘർഷങ്ങൾക്കു പിന്നാലെ ക്ഷേത്ര ഉത്സവത്തിന് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വലഞ്ഞ് ചിറക്കടവ് ഗ്രാമവാസികൾ. നിരന്തരം രാഷ്ട്രീയ സംഘർഷങ്ങളുണ്ടായ ചിറക്കടവിൽ പൊൻകുന്നം പൊലീസാണ് ഉത്സവ നടത്തിപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെയാണ് പ്രദേശത്ത് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചിറക്കടവ് ഉത്സവത്തിന് മുൻപെങ്ങുമില്ലാത്ത വിധം പോലീസ് ക്രമീകരണം നടത്തിയതോടെ മറ്റ് ദേശങ്ങളിലുള്ളവർക്ക് ചിറക്കടവ് പ്രശ്നമേഖലയാണെന്ന തോന്നലാണ്. അതോടെ അന്യനാടുകളിൽ നിന്നുള്ള ഭക്തരുടെ വരവ് ഉത്സവത്തിന് കുറഞ്ഞു. പ്രദേശത്തെ കച്ചവടക്കാർക്കും ഓട്ടോറിക്ഷക്കാർക്കും ആൾത്തിരക്കിൻരെ കുറവിനെക്കുറിച്ചേ പറയാനുള്ളൂ.
എന്തിനാണ് ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇത്ര സുരക്ഷ എന്നാണ് നാട്ടുകാരുടെ സംശയം.
പ്രദേശത്ത് രാഷ്ര്ടീയ സംഘർഷം ഉണ്ടായ സമയത്തു പോലും ഇത്ര അധികം സുരക്ഷ മേഖലയിൽ ഒരുക്കിട്ടില്ല എന്നു നാട്ടുകാർ പറയുന്നു. 100 പോലീസുകാരെ ആണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ക്ഷേത്രപരിസരവും ഇട റോഡുകളും എപ്പോഴും പോലീസ് പട്രോളിംഗ് കൂടിയായപ്പോൾ ഭീകരാന്തരീക്ഷം പോലെയെന്ന് നാട്ടുകാരുടെ പരാതി.
ആദ്യ ദിവസം ക്ഷേത്രമതിൽക്കകത്ത് ഉണ്ടായിരുന്ന പോലീസിനെ ക്ഷേത്രം കമ്മിറ്റിക്കാരുടെ എതിർപ്പിനെ തുടർന്ന് ഒഴിവാക്കി. ക്ഷേത്രത്തിന് മുൻവശത്തെ കുളക്കരയിലും പിൻഭാഗത്തെ റോഡിലും നിറയെ പോലീസാണെന്ന പരാതിയാണ് പ്രദേശവാസികൾക്ക്. കുളക്കരയിലെ ആറാട്ട് കടവിലെ പടിയിയിൽ വനിത പോലീസ് ഉൾപ്പെടെയുള്ളവർ പകൽ സമയം ചെലവഴിക്കുന്നത് ഭക്തരിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ആൾക്കാരുടെ എണ്ണം മൂന്നിൽ ഒന്നായി കുറഞ്ഞതായും കൊടിയേറ്റ് സമയത്തു ഉണ്ടായിരുന്ന ഭക്തജന തിരക്ക് പിന്നീട് ഉണ്ടായിട്ടില്ല എന്നു കച്ചവടക്കാർ പറയുന്നു.
ക്ഷേത്രവരുമാനത്തെയും കാര്യമായി ബാധിച്ചതായാണ് സൂചന. രാത്രിയിൽ കലാപരിപാടികൾ കാണാനും ആൾക്കാർ കുറവാണ്. അമിതപോലീസ് വിന്യാസവും നിയന്ത്രണങ്ങളും കൊണ്ട് ഭീകരത ഉളവാക്കുന്നതായി വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ ആരോപിച്ചിരുന്നു.
അരനൂറ്റാണ്ടായി ചിറക്കടവ് ക്ഷേത്രഉത്സവത്തിന് സംഘർഷമുണ്ടായിട്ടില്ല. പ്രദേശത്തെ രാഷ്ര്ടീയഭിന്നത ഉത്സവവുമായി ബന്ധപ്പെടുത്താൻ അധികൃതർ ശ്രമിക്കുകയാണെന്നും സംഘടനാ ഭാരവാഹികൾ ആരോപിച്ചു.
ഉത്സവം തുടങ്ങുന്നതിന് മുൻപ് റോഡിൽ എഴുതിയത് സംബന്ധിച്ച് പോലീസും ഹിന്ദു ഐക്യവേദി പ്രവർത്തകരും തമ്മിൽ രാത്രിയിൽ വാക്കേറ്റം ഉണ്ടായത് ഒഴിച്ചാൽ സംഘർഷങ്ങളൊന്നുമുണ്ടായിട്ടില്ല. പിറ്റേന്നു മുതൽ പോലീസ് നടപടികൾ തുടങ്ങി. ക്ഷേത്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ കൊടിതോരണങ്ങളും എഴുത്തും നിരോധിച്ചു. അലങ്കാരങ്ങളൊഴിഞ്ഞതോടെ ഉത്സവാഘോഷങ്ങളുടെ പകിട്ടും കുറഞ്ഞു.