play-sharp-fill
യു.കെ.യില്‍ തൊഴില്‍വിസ വാഗ്ദാനം ചെയ്ത് സഹോദരങ്ങളില്‍നിന്ന് തട്ടിയത് ലക്ഷങ്ങള്‍; മുഖ്യപ്രതി പിടിയില്‍ ; പ്രതിയില്‍നിന്ന് മൂന്ന് വോട്ടര്‍ ഐഡിയും മൂന്ന് പാസ്പോര്‍ട്ടുകളും പിടിച്ചെടുത്തു

യു.കെ.യില്‍ തൊഴില്‍വിസ വാഗ്ദാനം ചെയ്ത് സഹോദരങ്ങളില്‍നിന്ന് തട്ടിയത് ലക്ഷങ്ങള്‍; മുഖ്യപ്രതി പിടിയില്‍ ; പ്രതിയില്‍നിന്ന് മൂന്ന് വോട്ടര്‍ ഐഡിയും മൂന്ന് പാസ്പോര്‍ട്ടുകളും പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. മൈസൂരു കാഡ്ബഗരുവില്‍ താമസിക്കുന്ന ചാവക്കാട് സ്വദേശി ഷാജഹാനെ (36) മീനാക്ഷിപുരത്തുനിന്നാണ് കോതമംഗലം പോലീസ് പിടികൂടിയത്. പ്രതിയില്‍നിന്ന് കര്‍ണാടക, തമിഴ്നാട്, കേരള വിലാസത്തിലുള്ള മൂന്ന് വോട്ടര്‍ ഐഡിയും മൂന്ന് പാസ്പോര്‍ട്ടുകളും പിടിച്ചെടുത്തു.

കോതമംഗലം ചേലാട് വാടകയ്ക്ക് താമസിക്കുന്ന സഹോദരങ്ങള്‍ക്ക് യു.കെ.യില്‍ തൊഴില്‍ വിസ നല്‍കാമെന്നു പറഞ്ഞ് 6,14,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റിലായത്. കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട്, നെയ്യാറ്റിന്‍കര, കൊല്ലം, കാഞ്ഞിരപ്പള്ളി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ പത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി സമാനമായ മുപ്പതിലേറെ കേസുകള്‍ പ്രതിയുടെ പേരിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാനും മാസം കുവൈത്തില്‍ ജോലി ചെയ്തിരുന്ന ഷാജഹാന്‍ അവിടെ നിന്ന് വന്ന ശേഷമാണ് തട്ടിപ്പ് തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.കമ്മിഷന്‍ വ്യവസ്ഥയില്‍ സുഹൃത്തുക്കളാണ് വിദേശത്ത് പോകാന്‍ താത്പര്യമുള്ളവരെ സമീപിച്ച് തൊഴില്‍ വിസയുണ്ടെന്നു പറഞ്ഞ് ഇയാള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. യു.കെ. സിം ഉള്‍പ്പെടെ നാല് സിമ്മുകളാണ് ഇയാള്‍ക്കുള്ളത്. ഉദ്യോഗാര്‍ഥികളെ നേരിട്ട് സമീപിക്കാതെ വീഡിയോ കോള്‍ വഴി ബന്ധപ്പെട്ട് പണം അക്കൗണ്ടില്‍ സ്വീകരിക്കും. ഷാജഹാന്റെ രണ്ട് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഒരു കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് ലഭിച്ച വിവരം.

മീനാക്ഷിപുരത്ത് ഒളിച്ചു കഴിയുകയായിരുന്ന ഷാജഹാനെ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം സാഹസികമായാണ് പിടികൂടിയത്. പോലീസിനെ ആക്രമിച്ച് വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഏറെ ദൂരം പിന്തുടര്‍ന്നാണ് പിടികൂടിയത്.

വാഹനത്തില്‍നിന്ന് വ്യാജ പാസ്പോര്‍ട്ട്, ഉദ്യോഗാര്‍ഥികളുടെ പാസ്പോര്‍ട്ട്, ചെക്ക് ബുക്കുകള്‍, പ്രോമിസറി നോട്ട് എന്നിവ കണ്ടെടുത്തു. ഇന്‍സ്പെക്ടര്‍ പി.ടി. ബിജോയി, എസ്.ഐ.മാരായ അല്‍ബിന്‍ സണ്ണി, കെ.ആര്‍. ദേവസി, സീനിയര്‍ സി.പി.ഒ.മാരായ ടി.ആര്‍. ശ്രീജിത്ത്, നിയാസ് മീരാന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.