Spread the love

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറി ഒരുമാസം പിന്നിടുമ്പോള്‍ തന്നെ വി ഡി സതീശൻ സർക്കാർ സംഘപരിവാറിന്റെ വിനീതദാസന്മാരുടെ സർക്കാരാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

video
play-sharp-fill

ബിജെപിക്ക് സംസ്ഥാനത്ത് മൂന്ന് എംഎല്‍എമാരാണുള്ളതെങ്കിലും, യുഡിഎഫ് സർക്കാർ അവരുടെ അജണ്ടയാണ് സംസ്ഥാന ഭരണത്തില്‍ നടപ്പാക്കുന്നത്. ആർഎസ്‌എസിനോടുള്ള തങ്ങളുടെ വിധേയത്വം പ്രഖ്യാപിക്കാൻ ഓരോ മന്ത്രിമാരും പരസ്പരം മത്സരിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

 

പിഎംഎവൈ പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ലോഗോയും വെക്കുന്നതിനെ മന്ത്രി കെ എം ഷാജി ന്യായീകരിച്ചതിനെ എം വി ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. മുൻപ് എല്‍ഡിഎഫ് സർക്കാർ ലൈഫ് പദ്ധതിയുടെ ഭാഗമായി അഞ്ചുലക്ഷത്തിലധികം വീടുകള്‍ നിർമ്മിച്ചപ്പോഴും ഒരു വീടുകളില്‍ പോലും മോദിയുടെ ചിത്രം വെക്കാൻ തയ്യാറായിരുന്നില്ല. ഇത് ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണെന്നും ആർഎസ്‌എസിനെ പ്രീതിപ്പെടുത്താനാണ് ഷാജി ഇതിനെ ന്യായീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഉന്നതവിദ്യാഭ്യാസ രംഗത്തും സർവകലാശാലകളിലും സംഘപരിവാർ അജണ്ട നടപ്പാക്കുന്നവരെയാണ് ഗവർണർ താല്‍ക്കാലിക വൈസ് ചാൻസലർമാരായി നിയമിക്കുന്നത്. എംജി സർവകലാശാലയില്‍ 19 സംഘപരിവാറുകാരെ സെനറ്റിലേക്ക് നാമനിർദേശം ചെയ്തപ്പോള്‍ മുഖ്യമന്ത്രി വി ഡി സതീശൻ ഒരക്ഷരം പോലും മിണ്ടിയില്ല. കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണും, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി എം ഷംസുദ്ദീനും പ്രഖ്യാപിച്ചതും ഇതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി തന്നെ രംഗത്തുവന്ന കാര്യം എം വി ഗോവിന്ദൻ ഓർമ്മിപ്പിച്ചു. മണ്ഡല പുനർവിഭജനം നടക്കാനിരിക്കെ സംഘപരിവാർ അനുകൂലിയായ ഒരാളെ ഈ പദവിയില്‍ ഇരുത്തിയത് മന്ത്രിമാർ പോലും അറിഞ്ഞിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് തന്നെ ആരോപിച്ചത്. യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിലും ബജറ്റിലും പ്രതിഫലിക്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങളെ കുത്തകകള്‍ക്ക് വില്‍ക്കാനുള്ള സ്വകാര്യവല്‍ക്കരണ നയമാണെന്നും അദ്ദേഹം പറഞ്ഞു.

 

ബിജെപിയുടെ പഠനശിബിരം കെപിസിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നടത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇനി എപ്പോഴാണ് കോണ്‍ഗ്രസ് തങ്ങളുടെ ആസ്ഥാനം ആർഎസ്‌എസിന് വിട്ടുനല്‍കുക എന്ന് മാത്രമേ അറിയാനുള്ളൂ. കഴിഞ്ഞ പത്തുവർഷവും കേന്ദ്രത്തിന്റെ കടന്നാക്രമണങ്ങളെ നെഞ്ചുറപ്പോടെ ചെറുത്താണ് എല്‍ഡിഎഫ് സർക്കാർ മുന്നോട്ടുപോയതെങ്കില്‍, യുഡിഎഫ് സർക്കാർ വെറും ഒരുമാസം കൊണ്ട് ആർഎസ്‌എസിന് മുന്നില്‍ മുട്ടിലിഴയുകയാണെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു.