തൊടേണ്ട മോനെ, ഉടുപ്പിൽ മണ്ണ് പറ്റും…! ആ വാക്കുകൾ വക വെക്കാതെ അമ്മയെ കെട്ടിപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ; കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിയിച്ചൊരു തെരഞ്ഞെടുപ്പ് പര്യടനം
സ്വന്തം ലേഖകൻ
ചിറയിൻകീഴ് : ഒരു പഞ്ചായത്ത് മെമ്പർ സ്ഥാനത്ത് എങ്കിലും എത്തിയാൽ സ്വന്തം നാടിനെയും വേണ്ടപ്പെട്ടവരെയും മറക്കുന്നവരാണ് രാഷ്ട്രീയ പ്രവർത്തകരിലേറെയും. ഇതേ നാട്ടിലാണ് നാടിനെയും കണ്ടു നിന്നവരെ ഈറനണിയിച്ച് ഒരു സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം ഉണ്ടായത്.
നാട്ടിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകളോട് വോട്ട് ചോദിച്ചെത്തിയതായിരുന്നു സ്ഥാനാർത്ഥി. അപ്പോഴാണ് അക്കൂട്ടത്തിൽ സ്വന്തം അമ്മയെയും കണ്ടത്. കെട്ടിപ്പിടിക്കാൻ നോക്കിയപ്പോൾ അമ്മ പറഞ്ഞു ‘തൊടേണ്ട മോനെ ഉടുപ്പിൽ മണ്ണുപറ്റും’.എന്നാൽ അമ്മയുടെ ഈ വാക്കുകൾ വകവെയ്ക്കാതെ മകൻ അമ്മയെ ചേർത്തുപിടിയ്ക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിറയിൻകീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ബിഎസ് അനൂപും അമ്മ സുദേവിയും ആണ് കണ്ടുനിന്ന എല്ലാവരുടെയും കണ്ണുനനയിപ്പിച്ചത്. പഞ്ചായത്തിൽ അനൂപ് മെമ്പറായ വാർഡിൽത്തന്നെയാണ് സുദേവി തൊഴിലുറപ്പ് ജോലിക്ക് പോകുന്നതും.
ഇല്ലായ്മകൾക്കിടയിലും മകന്റെ രാഷ്ട്രീയ സ്വപ്‌നങ്ങൾക്കൊപ്പം നിന്നയാളാണ് സുദേവി. മൂന്ന് മക്കളിൽ മുതിർന്നയാളാണ് അനൂപ്. സുദേവി കൂലിപ്പണിക്ക് പോയാണ് തന്റെ മൂന്ന് ആൺമക്കളെയും വളർത്തിയത്.
തൊണ്ടുതല്ലി കയർപിരിക്കുന്ന പണിയായിരുന്നു സുദേവിക്ക്. പിന്നീട് തൊഴിലുറപ്പ് പണിയിലേക്കിറങ്ങുകയായിരുന്നു. രണ്ട് ചെറിയ മുറികളുള്ള വീട്ടിൽ എല്ലാവർക്കും കൂടി താമസിക്കാൻ പറ്റാതായതോടെ അനൂപും ഭാര്യയും മക്കളും വാടകവീട്ടിലേക്ക് മാറുകയായിരുന്നു. അനൂപിന്റെ അച്ഛൻ ബ്രഹ്മാനനന്ദന് പക്ഷാഘാതം വന്നതിനാൽ ജോലിക്കു പോവുന്നില്ല. വീടനടുത്ത്‌ചെറിയൊരു കട നടത്തുകയാണ് ബ്രഹ്മാനന്ദൻ.