വീട്ടുജോലിക്കെത്തിയത് ദമ്പതികളെന്ന് തെറ്റിദ്ധരിപ്പിച്ച്; അടിച്ചുമാറ്റി വില്പന നടത്തിയത് അഞ്ചു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ; കോട്ടയം സ്വദേശികളായ കമിതാക്കൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: ദമ്പതികള്‍ ചമഞ്ഞ് വീട്ടുജോലിക്കെത്തി ലക്ഷങ്ങളുടെ മോഷണം നടത്തിയ കമിതാക്കള്‍ അറസ്റ്റില്‍. കോട്ടയം പാറത്തോട് പോത്തല വീട്ടില്‍ ജിജോ (38), കോട്ടയം മുണ്ടക്കയം കാര്യാട്ട് വീട്ടില്‍ സുജാ ബിനോയ് (43) എന്നിവരാണ് പിടിയിലായത്. എറണാകുളം സ്വദേശി ഷിജി ജിനേഷിന്റെ ആലപ്പുഴ ചെത്തി തോട്ടപ്പിള്ളി വീട്ടിലാണ് ഇവർ ജോലിക്ക് നിന്നിരുന്നത്.
സ്വര്‍ണമാല, ഗ്യാസ് കുറ്റികള്‍, ഇരുമ്പ് ഗേറ്റ്, വാഹനത്തിന്റെ സ്റ്റെപ്പിനി ടയര്‍, മൂന്ന് ലാപ്പ് ടോപ്പ് , ഓടിന്റെയും മറ്റും പാത്രങ്ങള്‍, തുണിത്തരങ്ങള്‍, കാര്‍പ്പറ്റുകള്‍ തുടങ്ങി 5,32,500 രൂപ വിലവരുന്ന സാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയതെന്ന് അര്‍ത്തുങ്കല്‍ പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിക്കുന്ന ഭര്‍തൃമാതാവിനെ സംരക്ഷിക്കുന്നതിനും വീട്ടുജോലിക്കുമായി ദമ്പതികളെ ആവശ്യപ്പെട്ട് പത്രപരസ്യം കൊടുത്തിരുന്നു. പത്രപരസ്യം കണ്ട് ബന്ധപ്പെട്ട ജിജോയും സുജയും ദമ്പതികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് 2021 നവംബര്‍ മാസം മുതല്‍ ഷിജി ജിനേഷിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു.
വിദേശത്ത് ജോലി ചെയ്തിരുന്ന ഷിജിയുടെ ഭര്‍ത്താവ് മകളുടെ വിവാഹത്തിനും മറ്റുമായി നാട്ടില്‍ എത്തിയപ്പോഴാണ് സ്വര്‍ണവും സാധനങ്ങളും നഷ്ടമായത് അറിഞ്ഞത്.
അറസ്റ്റിലായ പ്രതികള്‍ മോഷണമുതല്‍ വിറ്റുകിട്ടിയ തുക കുടുംബാവശ്യങ്ങള്‍ക്കും സ്‌കൂട്ടര്‍ വാങ്ങുന്നതിനും മറ്റുമായി ചെലവഴിച്ചതായാണ് സൂചന. മോഷണ മുതലുകളില്‍ സ്വര്‍ണ്ണം, പണയം വച്ച മാരാരിക്കുളത്തുള്ള സ്വകാര്യ ഫൈനാന്‍സില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.