ഖത്തറിൽനിന്ന് ബഹ്റൈനിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ വാഹനം അപകടത്തിൽപെട്ടു; കോട്ടയം, മലപ്പുറം സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
ദോഹ: ഖത്തറിൽനിന്ന് ബഹ്റൈനിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ വാഹനം അപകടത്തിൽപെട്ട് രണ്ട് മലയാളികൾ മരിച്ചു.
മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്‌കുമാർ അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് സൗദി അതിർത്തി കടന്ന് 80ഓളം കിലോമീറ്റർ അകലെയുണ്ടായ അപകടത്തിൽ മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാലംഗ സംഘം ദോഹയിൽനിന്ന് യാത്ര പുറപ്പെട്ടത്. അബു സംറ അതിർത്തി കടന്നതിനു പിന്നാലെ, ഹുഫൂഫിൽ എത്തുന്നതിന് മുമ്പാണ് ഇവർ സഞ്ചരിച്ച ലാൻഡ്ക്രൂയിസർ അപകടത്തിൽപെട്ടത്. റോഡിലെ മണൽതിട്ടയിൽ കയറി നിയന്ത്രണം നഷ്ടമായ വാഹനം മറിയുകയായിരുന്നു.
മനോജ് അർജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഗസ്റ്റിൻ എബിയെ ഹുഫൂഫിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ മരണപ്പെടുകയായിരുന്നു.
മനോജ് അർജുന്റെ മൃതദേഹം കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി നാസർ പാറക്കടവിന്റെ നേതൃത്വത്തിലുള്ള ഹുഫൂഫ് കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.