play-sharp-fill
രണ്ടു ലക്ഷം രൂപ വിലയുള്ള ബൈക്കിൽ കഞ്ചാവ് കടത്ത്: യുവാവ് പൊലിസിന്റെ പിടിയിലായി

രണ്ടു ലക്ഷം രൂപ വിലയുള്ള ബൈക്കിൽ കഞ്ചാവ് കടത്ത്: യുവാവ് പൊലിസിന്റെ പിടിയിലായി

ക്രൈം ഡെസ്‌ക്

കോട്ടയം: രണ്ടു ലക്ഷം രൂപവിലയുള്ള ബൈക്കിൽ കഞ്ചാവ് കടത്തിയ യുവാവിനെ പൊലീസ് സ്ംഘം അറസ്റ്റ് ചെയ്തു. സ്വന്തമായി വലിക്കാനുള്ള കഞ്ചാവും വാങ്ങി മടങ്ങുകയായിരുന്ന കുമരകം ആപ്പിത്തറയിൽ പുത്തൻ പുരയിൽ വീട്ടിൽ റോണി ആന്റണി കുര്യൻ(19) നെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ് അറസ്റ്റ് ചെയ്തത്. 1.83 ലക്ഷം രൂപയോളം വിലവരുന്ന ഹിമാലയൻ ബുള്ളറ്റിലാണ് ഇയാൾ കഞ്ചാവ് കടത്തിയത്. ബൈക്ക് പിടികൂടിയിട്ടുണ്ട്. ഏറ്റുമാനൂരിൽ നിന്നും കഞ്ചാവ് വാങ്ങിയ മറ്റൊരു സംഭവത്തിൽ കുമരകം ബോട്ട് ജെട്ടിയ്ക്ക് സമീപം തുണ്ടത്തിൽ വീട്ടിൽ തോമസ് എബ്രഹാ(19)മിനെയും കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തു. രണ്ടു പേരുടെയും പക്കൽ നിന്നും 50 ഗ്രാം വീതം കഞ്ചാവും പിടിച്ചെടുത്തു.
ഇന്നലെ ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂരിലെ കഞ്ചാവ് കച്ചവടക്കാർ വിദ്യാർത്ഥികൾക്കു വൻ തോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതായി പൊലീസ് സംഘം കണ്ടെത്തിയിരുന്നു. തുടർന്നു ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ആഡംബര ബൈക്കിൽ റോണി കുര്യൻ എത്തിയത്. വാഹന പരിശോധന നടത്തുകയായിരുന്നു എസ്.ഐമാരായ കെ.ആർ പ്രശാന്ത് കുമാർ, സുരേഷ് കുമാർ എന്നിവർ ബൈക്കിനു കൈകാണിച്ചു. ഇതേ തുടർന്നു വാഹനം വെട്ടിച്ചു രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ റോണിയെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജേക്കബ്, പ്രമോദ്, സാജുലാൽ, മനോജ്, ജീമോൻ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ കഞ്ചാവ് ഉണ്ടെന്നു കണ്ടെത്തിയത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി.
കഞ്ചാവ് മാഫിയ സംഘത്തിൽ നിന്നും ഉപയോഗിക്കാനുള്ള കഞ്ചാവും വാങ്ങി മടങ്ങുന്നതിനിടെയാണ് തോമസിനെ അറസ്റ്റ് ചെയ്ത്. ഇയാളെ നേരത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരുവരും കഞ്ചാവിനു അടിമയായത് സുഹൃത്തുക്കൾ നടത്തുന്ന ലഹരിപാർട്ടിയിൽ കുടുങ്ങി. സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി കഞ്ചാവ് വലിക്കുന്ന സ്മോക്കേഴ്സ് പാർട്ടി കാണുന്നതിനു വേണ്ടിയാണ് ഇരുവരും പോയതെന്നു പൊലീസ് പറയുന്നു. തുടർന്നു രണ്ടു പേർക്കും കഞ്ചാവ് വലിക്കാൻ നൽകി. ഇത്തരത്തിൽ രസത്തിനു വലിച്ചു തുടങ്ങിയ ഇവർ പിന്നീട് ലഹരിക്ക് അടിമയാകുകയായിരുന്നു.