
ചിട്ടിയുടെയും സ്ഥിരനിക്ഷേപത്തിന്‍റെയും പേരിൽ തട്ടിപ്പ്; നൂറുകണക്കിന് ആളുകളിൽ നിന്നും കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതിയുൾപ്പെടെ രണ്ടുപേർ തിരുവല്ല പോലീസിന്‍റെ പിടിയിൽ
തിരുവല്ല: ചിട്ടിയുടെയും സ്ഥിരനിക്ഷേപത്തിന്‍റെയും പേരിൽ നൂറുകണക്കിന് ആളുകളിൽ നിന്നും കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതി അടക്കം രണ്ടുപേർ തിരുവല്ല പോലീസിന്‍റെ പിടിയിൽ.
തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന എസ്.എൻ ചിറ്റ്സ് ആൻഡ് ഫിനാൻസ് ബോർഡ് അംഗങ്ങളും ഒന്നാം പ്രതിയുമായ കവിയൂർ ഞാലിക്കണ്ടം രാധാനിലയത്തിൽ സദാശിവൻ (88), ആറാം പ്രതി ചങ്ങനാശ്ശേരി പെരുന്ന പുത്തൻ പറമ്പിൽ വിശ്വനാഥൻ (68) എന്നിവരാണ് പിടിയിലായത്.
സദാശിവൻ, പുരുഷോത്തമൻ, ദിലീപ്, റേണി, പ്രവീണ, വിശ്വനാഥൻ, രാജേന്ദ്രൻ എന്നിവർ അടങ്ങുന്ന ഏഴംഗ ഡയറക്ടർ ബോർഡാണ് ചിട്ടി കമ്പനി നടത്തിയിരുന്നത്. ഇതിൽ രണ്ടാം പ്രതി പുരുഷോത്തമനും ഏഴാം പ്രതി രാജേന്ദ്രനും മരണപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

15 വർഷത്തിലേറെയായി തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ചിട്ടി കമ്പനി അടച്ചുപൂട്ടി മൂന്നു വർഷം മുമ്പാണ് പ്രതികൾ മുങ്ങിയത്. ചിട്ടി ചേർന്നതും സ്ഥിരനിക്ഷേപം നടത്തിയവരും ആയ നൂറുകണക്കിന് നിക്ഷേപകരുടെ മൂന്നരക്കോടിയിൽ അധികം വരുന്ന പണമാണ് നഷ്ടമായത്. തുടർന്ന് നിരവധി നിക്ഷേപകർ തിരുവല്ല പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതികളെ തുടർന്ന് മുങ്ങിയ പ്രതികൾ ഹൈക്കോടതിയിൽ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദ് പറഞ്ഞു.