തലസ്ഥാനത്ത് ഗുണ്ടാത്തലവന് കൂട്ടായി ഭാര്യയും ; ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവനും ഭാര്യയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവനും ഭാര്യയുടെ പൊലീസ് പിടിയിയിൽ. കരിയ്ക്കകം വാഴവിള ആഞ്ജനേയം വീട്ടിൽ സുജിത് കൃഷ്ണൻ (45), ഭാര്യ സിതാര (38) എന്നിവരാണ് പൊലീസ് പിടിയിലായത്.

നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാത്തലവനും കൂടിയാണ് സുജിത്ത്. പേട്ട പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പഴയ കൂട്ടാളിയായ ശങ്കർ തനിക്കെതിരായ വിവരങ്ങൾ പൊലീസിന് നൽകി റെയ്ഡ് നടത്തിച്ചെന്ന കാരണത്തിൽ ഇയാളെ സുജിത്തും ഭാര്യയും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു. കാർ ഓടിച്ചിരുന്നത് താരയായിരുന്നു.

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇരുവർക്കുമെതിരെ പേട്ട പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

പലിശത്തുക തിരികെ കൊടുത്തില്ലെന്ന കാരണത്തിൽ ആക്കുളത്ത് നിന്ന് കരിയ്ക്കകത്തുളള വീട്ടിലെത്തിച്ച് ആക്രമിച്ച് 25 ഗ്രാം സ്വർണ്ണാഭരണങ്ങളും മൂന്ന് മൊബൈൽ ഫോൺ, രണ്ട് ലാപ് ടോപ്പ് എന്നിവ പിടിച്ചു പറിക്കുകയും മുദ്രപ്പത്രങ്ങളിൽ നിർബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തുവെന്ന് തിരുവനന്തപുരം സ്വദേശികളായ നീതു നായർ, ഭർത്താവ് മുഹമ്മദ് ഷെരീഫ് എന്നിവർ നേരത്തെ പരാതി നൽകിയിരുന്നു.

പരാതിയെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട് റെയ്ഡ് നടത്തി തെളിവുകൾ ശേഖരിച്ചു. ഗുണ്ടാ തലവനായ സുജിത്തിനെതിരെ 2005 മുതൽ പേട്ട, പൂന്തുറ, ഫോർട്ട്, മ്യൂസിയം, കന്റോൺമെന്റ്, കരമന, കഴക്കൂട്ടം, വഞ്ചിയൂർ, നേമം, പാറശ്ശാല, പൂവാർ തുടങ്ങിയ സ്റ്റേഷൻ പരിധിയിൽ ആംസ് ആക്ട് കേസുകൾ, വധശ്രമക്കേസുകൾ, മണി ലെൻഡേഴ്‌സ് ആക്ട്, ജെ.ജെ ആക്ട് തുടങ്ങിയ പ്രകാരമുളള 20 ഓളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.