
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കാമുകിയെ കാണാന്‍ അര്‍ധരാത്രിയില്‍ റെയില്‍വെ ട്രാക് വഴി ബൈക്കോടിച്ച് പോയ മൂന്നംഗസംഘത്തിന്റെ ബൈക് ട്രാകില്‍ കുടുങ്ങി. സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട മൂന്നംഗസംഘത്തെ നേരം പുലരും മുമ്പ് തന്നെ റെയില്‍വെ പൊലീസ് പൊക്കി. വര്‍കല സ്വദേശികളായ സാജിര്‍(22), സുലന്‍(19), ടിജിത്ത്(21) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി വര്‍കലയ്ക്കും കടയ്ക്കാവൂരിനും ഇടയിലാണ് സംഭവം.
വര്‍ക്കല കേന്ദ്രീകരിച്ച് ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് പ്രതികള്‍. രാത്രി വൈകി ഇവരില്‍ ഒരാളുടെ കാമുകിയെ കാണാന്‍ ബൈകിലൂടെ റെയില്‍വെ ട്രാക് വഴി വരുന്നതിനിടെ ബൈകിന്റെ വീല്‍ പാളത്തിലെ പ്ലേറ്റില്‍ കുരുങ്ങുകയായിരുന്നു. ഇലക്ട്രിക് ലൈനിന്റെ എര്‍ത്തിംഗിനായുള്ള പ്ലേറ്റിലാണ് കുരുങ്ങിയത്.
ഇത് മാറ്റി ബൈക് ഉരുട്ടി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ചെന്നൈ എഗ് മൂര്‍ ഗുരുവായൂര്‍ എക്സ്പ്രസ് കടന്നുവന്നത്. ഇതോടെ ബൈക് അവിടെ ഉപേക്ഷിച്ച് മൂന്നംഗസംഘം കടന്നുകളഞ്ഞു. ട്രാക്കില്‍ കിടന്ന ബൈക്ക് ട്രെയിനിടിച്ച് തകര്‍ന്നു. തുടര്‍ന്ന് എഞ്ചിന്‍ ഡ്രൈവര്‍ തൊട്ടടുത്ത സ്റ്റേഷനിലും ആര്‍ പി എഫിനേയും വിവരമറിയിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്‍ പി എഫ് കമിഷണര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി രാത്രി തന്നെ ബൈക്ക് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ സാജിറിന്റെ സുഹൃത്ത് രണ്ടുദിവസം മുമ്പ് നന്നാക്കാനായി ഏല്‍പിച്ച ബൈക്കായിരുന്നു ഇതെന്ന് കണ്ടെത്തി. ബൈക്ക് ഉടമ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.