
തിരുവനന്തപുരം:ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനിടെ ജീവൻ പൊലിഞ്ഞ ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മ മെൽഹിക്ക് വീടൊരുങ്ങി.
കോർപ്പറേഷൻ നിർമിച്ചുനൽകുന്ന വീടിന്റെ ഗൃഹപ്രവേശം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കും. മാരായമുട്ടം കോണത്തുവിളാകത്താണ് പത്ത് ലക്ഷം ചെലവിട്ട് വീട് നിർമിച്ചത്. ജില്ലാ പഞ്ചായത്താണ് സ്ഥലം കണ്ടെത്തിയത്.മന്ത്രി എംബി രാജേഷ് ഉൾപ്പെടെയുളളവർ ഗൃഹപ്രവേശ ചടങ്ങിനെത്തും.
പുതിയ വീട്ടിൽ രണ്ടുമുറിയും അടുക്കളയും ഒരു ഹാളുമുണ്ട്. വീടിനോട് ചേര്‍ന്ന് കിണറും നിര്‍മിച്ചു. അമ്മയ്ക്കും തനിക്കുമായി സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നം ബാക്കിയാക്കിയാണ് ജോയി മടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരി ജെസിക്ക് നൽകിയ ഒരു സെന്റ് വസ്തുവിലെ വഴിപോലുമില്ലാത്ത ഒറ്റമുറി വീട്ടിലായിരുന്നു മെൽഹി താമസിച്ചിരുന്നത്. ഈ വീട്ടിലേക്ക് ജോയിയുടെ മൃതദേഹം കൊണ്ടുപോകാൻ വരെ പ്രയാസമായിരുന്നു.
സഹോദരന്റെ വീട്ടിലായിരുന്നു അന്ന് നാട്ടുകാർക്ക് അന്ത്യോപചാരമൊരുക്കാൻ സൗകര്യമൊരുക്കിയത്. ജോയിയുടെ മരണത്തോടെ അനാഥയായ മെൽഹിയെ പുനഃരധിവസിപ്പിക്കുമെന്ന് കോർപ്പറേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ ശുപാർശയാണ് സർക്കാർ അംഗീകരിച്ച് നടപ്പാക്കിയത്.കഴിഞ്ഞ വർഷം ജൂലായ് 12നാണ് ആമയിഴഞ്ചാൻ തോട്ടിൽ ജോയിയെ കാണാതായത്. മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ജോയിയെ കാണാതായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററിനപ്പുറം തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്







