video
play-sharp-fill

ട്രെയിൻ യാത്രക്കാർക്ക് കോളടിച്ചൂ! സ്ലീപ്പർ നിരക്കിൽ ഇനി തേർഡ് എസിയിൽ യാത്ര ചെയ്യാം

Spread the love

നിങ്ങളും ഇടയ്ക്കിടെ ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണെങ്കിൽ, ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള ഒരു സുപ്രധാന നീക്കത്തിന്‍റെ ഭാഗമായി കൺഫോം സ്ലീപ്പർ ക്ലാസ് ടിക്കറ്റുകളുള്ള യാത്രക്കാർക്ക് അതേ നിരക്കിൽ തേർഡ് എസി (3A)യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ അനുവദിക്കുന്ന ഒരു നയം ഇന്ത്യൻ റെയിൽ‌വേ അവതരിപ്പിച്ചു.

ട്രെയിനുകളിലെ എസി കോച്ചുകളിലെ എല്ലാ ഒഴിവുള്ള സീറ്റുകളും ബെർത്തുകളും ഓട്ടോ അപ്‌ഗ്രേഡ് സൗകര്യം വഴി നൽകുന്നതിനാണ് ഇന്ത്യൻ റെയിൽവേ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സ്ലീപ്പർ ക്ലാസ് (SL), സെക്കൻഡ് സിറ്റിംഗ് (2S) തുടങ്ങിയ താഴ്ന്ന ക്ലാസുകളിലെ സ്ഥിരീകരിച്ച ടിക്കറ്റുകൾ കൈവശമുള്ളവരെ ആദ്യ ചാർട്ട് തയ്യാറാക്കുന്ന സമയത്ത് ഉൾപ്പെടുത്താനാണ് നിർദ്ദേശം. സാധാരണയായി ഒരു ട്രെയിൻ അതിന്റെ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പാണ് ഇത് ചെയ്യുന്നത്.

അധിക ചെലവുകളില്ലാതെ കൂടുതൽ സുഖകരമായ യാത്രാനുഭവം നൽകുക എന്നതാണ് ഈ നീക്കത്തിന്‍റെ ലക്ഷ്യം. പ്രത്യേകിച്ച് ഉയർന്ന ക്ലാസ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന ഓഫ്-പീക്ക് സമയങ്ങളിൽ. താഴ്ന്ന ക്ലാസുകളിൽ സ്ഥിരീകരിച്ച ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർക്ക് ഉയർന്ന ക്ലാസ് കോച്ചുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനാണ് ഓട്ടോ-അപ്‌ഗ്രേഡ് സൗകര്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പ്രക്രിയ സാധാരണയായി ട്രെയിൻ ഷെഡ്യൂൾ ചെയ്ത പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്ത്  ഓട്ടോമേറ്റഡ് ആയാണ് നടക്കുക. ബുക്കിംഗ് പ്രക്രിയയിൽ ഓട്ടോ-അപ്‌ഗ്രേഡ് തിരഞ്ഞെടുത്ത യാത്രക്കാരെ ഈ സൗകര്യത്തിനായി പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം റെയിൽവേയുടെ ഈ നീക്കം ചെയർ കാർ (സിസി), തേർഡ് എസി (3എ), സെക്കൻഡ് എസി (2എ), ഫസ്റ്റ് എസി (1എ) തുടങ്ങിയ എസി കോച്ചുകളിൽ കറന്റ് ബുക്കിംഗ് (സിബി) സൗകര്യം ഇല്ലാതാക്കാൻ സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ആദ്യ ചാർട്ട് തയ്യാറാക്കിയതിനുശേഷം എന്തെങ്കിലും ഒഴിവുകൾ ഉണ്ടെങ്കിൽ, അവസാന നിമിഷ ബുക്കിംഗുകൾക്കാണ് കറന്റ് ബുക്കിംഗ് സൗകര്യം അവതരിപ്പിച്ചത്. സാധാരണയായി പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ഇത് അനുവദനീയമാണ്. എമർജൻസി ക്വാട്ടകളും വ്യത്യസ്‍ത തരം വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളും പ്രോസസ് ചെയ്ത്, ആദ്യ ചാർട്ട് തയ്യാറാക്കിയതിനുശേഷം ഒഴിവുള്ള സീറ്റുകൾ ലഭ്യമാകുമ്പോൾ മാത്രമേ ഏതൊരു ട്രെയിനിലും കറന്റ് ബുക്കിംഗ് വിഭാഗത്തിൽ സീറ്റുകൾ ലഭ്യമാകൂ.
എസി കോച്ചുകളിലെ സീറ്റുകൾ ഓട്ടോ അപ്‌ഗ്രേഡുകൾ വഴി നികത്തുന്നതിന് മുൻഗണന നൽകാൻ റെയിൽ‌വേ തീരുമാനിച്ചതോടെ, എസി കോച്ചുകളിൽ അത്തരം സിബി ഒഴിവുകൾ ലഭ്യമാകാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ. അതേസമയം കറന്‍റ് ബുക്കിംഗ് സൌകര്യം സ്ലീപ്പർ ക്ലാസ്, സെക്കൻഡ് സിറ്റിംഗ് (2S) കോച്ചുകൾക്ക് തുടർന്നും ലഭ്യമാകും.

പുതിയ മാറ്റങ്ങളെക്കുറിച്ച് റെയിൽവേ ബോർഡ് കഴിഞ്ഞദിവസം ദക്ഷിണ റെയിൽവേയെയും മറ്റ് എല്ലാ സോണൽ റെയിൽവേകളെയും അറിയിച്ചു. ഇതനുസരിച്ച് എസി ക്ലാസുകളിലെ എല്ലാ സീറ്റുകളും ബെർത്തുകളും പരമാവധി നിറയ്ക്കുന്നത് ഉറപ്പാക്കണം. ഈ നീക്കം സ്ലീപ്പർ ക്ലാസ്, സെക്കൻഡ് സിറ്റിംഗിലെ (2S) സ്ഥിരീകരിച്ച തത്കാൽ ടിക്കറ്റ് ഉടമകളെ യഥാക്രമം തേർഡ് ഏസി അല്ലെങ്കിൽ ചെയർകാർ ആയി അപ്‌ഗ്രേഡ് ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കും.

അതേസമയം രണ്ട് ലെവലുകൾ വരെ മാത്രമേ അപ്‌ഗ്രേഡുകൾ ചെയ്യാൻ കഴിയൂ എന്ന് റെയിൽവേ ബോർഡ് ഉത്തരവിട്ടിട്ടുണ്ട്.

ഉദാഹരണത്തിന്, സ്ഥിരീകരിച്ച സ്ലീപ്പർ ക്ലാസ് ടിക്കറ്റുള്ള ഒരു യാത്രക്കാരനെ ലഭ്യത അനുസരിച്ച് തേർഡ് എസിയിലേക്കും തേർഡ് എസിയിൽ നിന്ന് സെക്കൻഡ് എസിയിലേക്കും അപ്‌ഗ്രേഡ് ചെയ്യാം. എങ്കിലും, ഫസ്റ്റ് എസിയിലേക്കോ എക്സിക്യൂട്ടീവ് ക്ലാസിലേക്കോ ഉള്ള അപ്‌ഗ്രേഡുകൾ ഒരു ലെവലിനു താഴെയായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത് സ്ഥിരീകരിച്ച സെക്കൻഡ് എസി ടിക്കറ്റുള്ള ഒരു യാത്രക്കാരനെ ഫസ്റ്റ് എസിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം, പക്ഷേ തേർഡ് എസിയിൽ നിന്ന് കഴിയില്ല. ഓട്ടോ-അപ്‌ഗ്രേഡ് സൗകര്യം ലഭിക്കുന്നതിന്, യാത്രക്കാർ ടിക്കറ്റ് ബുക്കിംഗ് പ്രക്രിയയിൽ “ഓട്ടോ അപ്‌ഗ്രേഡിനായി പരിഗണിക്കുക” ഓപ്ഷൻ തിരഞ്ഞെടുക്കണം.

സ്ളീപ്പറിൽ നിന്ന് തേർഡ് ഏസിയിലേക്കും തേർഡ് ഏസിയിൽ നിന്നും സെക്കൻഡ് ഏസിയിലേക്കുമുള്ള ഓട്ടോ അപ്‌ഗ്രേഡ് സൗകര്യം 2006-ൽ അവതരിപ്പിച്ചിരുന്നു. എങ്കിലും, ഈ സൗകര്യം തങ്ങളുടെ ക്ലാസിലെ ഏറ്റവും ഉയർന്ന നിരക്ക് നൽകിയ യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത് തത്കാൽ നിരക്ക് അല്ലെങ്കിൽ ടിക്കറ്റിന്റെ മുഴുവൻ നിരക്കും നൽകിയവർക്ക് മാത്രമായിരുന്നു ഇത് ലഭിച്ചിരുന്നത്.

നിലവിൽ മിക്ക എസി സീറ്റുകളും ബെർത്തുകളും പൂർണ്ണമായി ബുക്ക് ചെയ്യപ്പെടുന്നുവെന്നും എങ്കിലും, ഓഫ്-പീക്ക് സമയങ്ങളിൽ, ഉയർന്ന എസി സീറ്റ് ലഭ്യതയുള്ള ട്രെയിനുകളിൽ, എസി ഇതര ടിക്കറ്റുകളുള്ള യാത്രക്കാർക്ക് അപ്‌ഗ്രേഡുകൾ ലഭിച്ചേക്കാം എന്നും ദക്ഷിണ റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.