ട്രാൻസ്ജെൻഡർ വേഷം കെട്ടി തട്ടിപ്പ്: നാല് പേരെ വെസ്റ്റ് പൊലീസ് പിടികൂടി; പരാതി നൽകിയത് ട്രാൻസ്ജെൻഡർ സംഘടന; നഗരത്തിൽ എത്തിയത് അൻപതിലേറെ ട്രാൻസ്ജെൻഡറുകൾ; പൊലീസ് പിടികൂടിയത് സ്ത്രീ വേഷം കെട്ടി തട്ടിപ്പ് നടത്തുന്നതിനിടെ
സ്വന്തം ലേഖകൻ
കോട്ടയം: ട്രാൻസ്ജെൻഡർ വേഷം കെട്ടി നഗരത്തിൽ തട്ടിപ്പിനായി എത്തിയ നാലു പേരെ പൊലീസ് പിടികൂടി. ഭാര്യയും കുട്ടികളും ഉള്ളവരാണ് വേഷം കെട്ടി ട്രാൻസ്ജെൻഡറാണെന്ന രീതിയിൽ തട്ടിപ്പ്് നടത്താൻ രംഗത്തിറങ്ങിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണു (24), പ്രശാന്ത് (26), ബിജു (38), അബ്ദുൾ റഹിമാൻ (29) എന്നിവരെ വെസ്റ്റ് സി.ഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ആൾമാറാട്ടത്തിനും, പിടിച്ചുപറിയ്ക്കും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നഗരത്തിൽ ട്രാൻസ്ജെൻഡറുകൾ തട്ടിപ്പു നടത്തുന്നതായി കാട്ടി ട്രാൻസ്ജെൻഡേഴ്സ് അസോസിയേഷൻ ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
സ്വവർഗ ലൈംികത ക്രിമിനൽകുറ്റമല്ലാതാക്കുന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെയാണ് കോട്ടയം നഗരത്തിൽ ട്രാൻസ്ജെൻഡറുകൾ കൂട്ടത്തോടെ എത്തിയത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ശാസ്ത്രി റോഡ്, റെയിൽവെ സ്റ്റേഷൻ നാഗമ്പടം കുര്യൻ ഉതുപ്പ് റോഡ് എന്നിവടങ്ങളിലെല്ലാം ഇവർ സംഘം ചേർന്ന് എത്തിയിരുന്നു. സ്ത്രീകളുടെ രീതിയിൽ വസ്ത്രം ധരിച്ച്, മേക്കപ്പും ഇട്ടായിരുന്നു ഇവരിൽ പലരും എത്തിയിരുന്നത്. ഇത്തരക്കാരെ ലൈംഗിക ആവശ്യങ്ങൾക്ക് പലരും പണം നൽകി ഉപയോഗിക്കുന്നതായും പരാതി ഉയർന്നിരുന്നു. ഇതിനിടെ ട്രാൻസ്ജെൻഡറുകളുടെ പേരിൽ ചിലർ ആളുകളെ ആകർഷിച്ച് കൊണ്ടു പോയി പണം തട്ടിയെടുക്കുന്നതായും പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് യഥാർത്ഥ ട്രാൻസ്ജെൻഡറുകളുടെ അസോസിയേഷൻ പരാതിയുമായി രംഗത്ത് എത്തിയത്.
ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഡിവൈഎസ്പി ആർ.ശ്രീകുമാറിനു അന്വേഷണം നടത്താൻ നിർദേശം നൽകി. തുടർന്ന് സി.ഐ മാരായ സാജു വർഗീസ് നിർമ്മൽ ബോസ് എന്നിവരുടെ നേതൃത്വത്തിലും, എസ്.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലുമുള്ള പൊലീസ് സംഘം വെള്ളിയാഴ്ച രാത്രിയിൽ നഗരത്തിൽ പരിശോധന നടത്തുകയായിരുന്നു. തുടർന്നു തട്ടിപ്പുകാരെ കണ്ടെത്തുകയായിരുന്നു. തട്ടിപ്പ് നടത്തിയ സംഘത്തിലുള്ള നാലു പേരും ആണുങ്ങളായിരുന്നു. ട്രാൻസ്ജെൻഡറെന്ന വ്യാജേനെ സ്ത്രീ വേഷം കെട്ടിയിറങ്ങിയ ഇവർ, ആളുകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ വിളിച്ചുകൊണ്ടു പോകുകയും, പണം തട്ടിയെടുക്കുകയുമായിരുന്നു. ഇവരുടെ കുടുംബാംഗങ്ങളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. ഇവർ എത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് പൊലീസ് കടക്കും.