ട്രെയിനുകളിൽ ഇനി സീസൺ ടിക്കറ്റ് സംവിധാനവും: യാത്രക്കാർക്ക് ആശ്വാസമായി ട്രെയിനുകളിൽ സീസൺ ടിക്കറ്റ് ഏർപ്പെടുത്തുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം:കോവിഡിനെ തുടർന്ന് നിർത്തിവച്ച സീസണ് ടിക്കറ്റ് സംവിധാനം പുനസ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചു. സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ തീരുമാനം.
തിങ്കളാഴ്ച മുതൽ മെമു എക്സ്പ്രസ് ട്രെയിനുകളിലെ അണ്‍റിസേർവ്ഡ് കോച്ചുകളിലും 17 മുതൽ കോട്ടയം വഴിയുള്ള പുനലൂർ-ഗുരുവായൂർ, ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനുകളിലും സീസണ് ടിക്കറ്റ് നൽകുമെന്ന് റെയിൽവേ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി യുടിഎസ് കൗണ്ടറുകൾ തുറക്കും. ലോക്ക് ഡൗണ്‍ ആരംഭിച്ച 2020 മാർച്ച് 24 നു ശേഷം കാലാവധിയുള്ള സീസണ് ടിക്കറ്റ് ഉണ്ടായിരുന്ന യാത്രക്കാർക്ക്, പുതിയ സീസണ് ടിക്കറ്റ് എടുക്കുന്പോൾ അത്രയും ദിവസങ്ങൾ അധികമായി യാത്ര ചെയ്യാൻ അനുമതി നൽകും.
സീസണ് ടിക്കറ്റ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പുനലൂർ-ഗുരുവായൂർ, ഗുരുവായൂർ-പുനലൂർ പ്രതിദിന പ്രത്യേക എക്സ്പ്രസ് ട്രെയിനുകളിൽ 17 മുതൽ അഞ്ച് സെക്കൻഡ് ക്ലാസ് ചെയർ കാറുകളും 11 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുമുണ്ടായിരിക്കും.
ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് ദിവസേന പുലർച്ചെ 5.45 ന് ഗുരുവായൂരിൽ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 2.35 ന് പുനലൂരിൽ എത്തിച്ചേരും. പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് ദിവസേന വൈകുന്നേരം 8.25 ന് പുനലൂരിൽ നിന്നും പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 2.20 ന് ഗുരുവായൂരിൽ എത്തിച്ചേരും.