റെയിൽവേ പാലത്തിൽ വിള്ളൽ; 23 തീവണ്ടികൾ റദ്ദാക്കി; റദ്ദാക്കിയതിൽ കേരളത്തിലേക്കുള്ള മൂന്ന് തീവണ്ടികളും; യാത്രക്കാർ ദുരിതത്തിൽ

റെയിൽവേ പാലത്തിൽ വിള്ളൽ; 23 തീവണ്ടികൾ റദ്ദാക്കി; റദ്ദാക്കിയതിൽ കേരളത്തിലേക്കുള്ള മൂന്ന് തീവണ്ടികളും; യാത്രക്കാർ ദുരിതത്തിൽ

സ്വന്തം ലേഖകൻ

ചെന്നൈ: റെയിൽവേ പാലത്തിൽ വിള്ളലുണ്ടായതിനെ തുടർന്ന് ചെന്നൈയിൽനിന്ന് വെള്ളിയാഴ്ച പുറപ്പെടുന്ന 23 തീവണ്ടികൾ അപ്രതീക്ഷിതമായി റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി.

കേരളത്തിലേക്കുള്ള മൂന്ന് തീവണ്ടികളും റദ്ദാക്കിയതിൽ ഉൾപ്പെട്ടു. ചെന്നൈ- മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22637), മംഗളൂരു എക്സ്പ്രസ് (12685), ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് (12695) എന്നീ വണ്ടികളും കോയമ്പത്തൂർ, ബെംഗളൂരു, വെല്ലൂർ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വണ്ടികളുമാണ് റദ്ദാക്കിയത്. ക്രിസ്മസ് അവധിക്ക് യാത്രചെയ്യാനിരുന്നവർക്ക് ഇത് ഇരുട്ടടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്പാഡിക്ക്‌ സമീപം പെന്നാർ നദിക്ക്‌ കുറുകെയുള്ള റെയിൽവേ പാലത്തിലാണ് വിള്ളലുണ്ടായത്. തീവണ്ടികൾ റദ്ദാക്കുന്ന വിവരം വ്യാഴാഴ്ച രാത്രിയോടെയാണ് യാത്രക്കാർക്ക് ലഭിച്ചത്. ഇതിനാൽ ചെന്നൈയിൽനിന്ന് വെള്ളിയാഴ്ച മറ്റുസംസ്ഥാനങ്ങളിലേക്ക് പോകേണ്ടവർ വലഞ്ഞു.

പാലത്തിന്റെ അറ്റകുറ്റപ്പണികൾ തീരാൻ രണ്ടുദിവസംകൂടി എടുക്കും. അതിനാൽ സർവീസുകൾ സാധാരണ നിലയിലാകാനും രണ്ട് ദിവസമെടുക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിലെ 26 തീവണ്ടികൾ വീതം റദ്ദാക്കിയതായും റെയിൽവേ അറിയിച്ചിട്ടുണ്ട്.

തീവണ്ടി യാത്ര മുടങ്ങിയതോടെ കുറച്ചുപേർ സമാന്തര സർവീസുകളെ ആശ്രയിച്ച് ലക്ഷ്യസ്ഥാനത്ത് എത്തി. ചെന്നൈയിൽനിന്ന് അയൽ സംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യ ബസുകളിൽ സീറ്റുകൾ ബാക്കിയുണ്ടായിരുന്നില്ല. ചെന്നൈയിൽനിന്ന് തൃശ്ശൂരിലേക്ക് സർവീസ് ആരംഭിച്ച കെ.എസ്.ആർ.ടി.സി. ബസിലും സീറ്റുണ്ടായിരുന്നില്ല. ചെന്നൈയിൽനിന്ന് ശബരിമലയിലേക്ക് പോകുന്ന തീർഥാടകരും മറുനാടൻ തൊഴിലാളികളും സെൻട്രൽ റെയിൽവേ സ്റ്റേഷനിൽത്തന്നെ വിശ്രമിച്ചു.

പെന്നാർ നദിക്ക്‌ കുറുകെയുള്ള റെയിൽവേ പാലം 1865-ലാണ് നിർമിച്ചത്. കഴിഞ്ഞ നവംബറിൽ പെയ്ത മഴയിൽ നദി നിറഞ്ഞുകവിഞ്ഞ് ഒഴുകിയിരുന്നു. നദിയിൽ ദിവസങ്ങളോളം വെള്ളത്തിന്റെ അളവ് കൂടിയ നിലയിലായിരുന്നതിനാൽ പാളത്തിൽ വിള്ളൽ വന്നതായിരിക്കാമെന്ന് ചെന്നൈ റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു. ചെന്നൈ റെയിൽവേ ഡിവിഷൻ മാനേജർ ഗണേഷിന്റെ നേതൃത്വത്തിൽ ജീവനക്കാർ അറ്റകുറ്റപ്പണികൾ നടത്തി വരുകയാണ്.

റദ്ദാക്കിയ തീവണ്ടികൾ

ചെന്നൈയിൽനിന്ന് കേരളത്തിലേക്ക്

1. ചെന്നൈ സെൻട്രൽ-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22637) ശനി, ഞായർ ദിവസങ്ങളിൽ റദ്ദാക്കി

2. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസ് (12695) ശനിയാഴ്ചത്തെ സർവീസ് റദ്ദാക്കി

കേരളത്തിൽനിന്ന് ചെന്നൈയിലേക്ക്

1. മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22638) ശനി, ഞായർ ദിവസങ്ങളിലെ സർവീസ് റദ്ദാക്കി

2. തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് (12696) ശനിയാഴ്ചത്തെ സർവീസ് റദ്ദാക്കി