സ്വന്തം ലേഖകൻ
ന്യൂഡൽഹി: ട്രെയിനുകൾ അകാരണമായി വൈകി ഓടിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റീസുമാരായ എം.ആർ. ഷാ, അനിരുദ്ധ ബോസ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. രാജ്യത്ത് ഒരു യാത്രക്കാരനും റെയിൽവേ ഉൾപ്പടെ അധികൃതരുടെ കാരുണ്യത്തിന് വേണ്ടി കാത്തുനിൽക്കേണ്ട ദുരവസ്ഥ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
റെയിൽവേ അധികൃതരുടെ നിയന്ത്രണങ്ങൾക്കു പുറത്തുള്ള കാരണങ്ങളാലോ മതിയായ ന്യായീകരണമുള്ള കാരണങ്ങളാലോ അല്ലാത്ത സന്ദർഭങ്ങളിൽ ട്രെയിനുകൾ വൈകിയാൽ യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. സ്വകാര്യ ഗതാഗത മേഖലയിൽ ഉൾപ്പടെ ഉത്തരവാദിത്തവും മത്സരവുമുള്ള ഇക്കാലത്ത് പൊതുഗതാഗത മേഖല കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജമ്മുവിലേക്കുള്ള അജ്മീർ-ജമ്മു എക്സ്രപ്രസ് നാലു മണിക്കൂർ വൈകി ഓടിയത് കാരണം ശ്രീനഗറിലേക്കുള്ള വിമാനം പിടിക്കാൻ കഴിയാതെ പോയതിൽ യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻറെ ഉത്തരവ് ശരിവച്ചാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ടായത്.
സഞ്ജയ് ശുക്ല എന്ന യാത്രക്കാരൻറെ പരാതിയിൽ രാജസ്ഥാനിലെ ആൽവാർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വടക്കു-പടിഞ്ഞാറൻ റെയിൽവേയോട് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചിരുന്നു. പിന്നീട് ദേശീയ കമ്മീഷൻ ഇത് ശരിവയ്ക്കുകയും ചെയ്തു. എന്നാൽ വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് റെയിൽവേയ്ക്ക് കൂടുതൽ കുരുക്കായ വിധിയുണ്ടായത്.
അജ്മീർ-ജമ്മു എക്സ്പ്രസിൽ ജമ്മുവിലേക്ക് പോകുന്നതിനാണ് യാത്രക്കാരൻ കുടുംബസമേതം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കഴിഞ്ഞ ജൂൺ 10-നായിരുന്നു യാത്ര. 17-ാം തീയതി ഇതേ ട്രെയിനിൽ തിരിച്ചുള്ള യാത്രയ്ക്കും ടിക്കറ്റെടുത്തിരുന്നു. 10-ാം തീയതി യാത്ര പുറപ്പെട്ട ട്രെയിൻ 11ന് രാവിലെ 8.10ന് ജമ്മുവിൽ എത്തേണ്ടതാണ്. അതനുസരിച്ച് സഞ്ജയ് ശുക്ല ജമ്മുവിൽ നിന്ന് ഉച്ചയ്ക്ക് 12-നുള്ള സ്പൈസ് ജെറ്റിൽ ശ്രീനഗറിലേക്കുള്ള വിമാനത്തിൽ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു.
എന്നാൽ നാലു മണിക്കൂർ വൈകി ഓടിയെത്തിയ ട്രെയിൻ ഉച്ചയ്ക്ക് 12-നാണ് ഓടിയെത്തിയത്. ജമ്മു റെയിൽവേ സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്ക് നല്ല ദൂരവുമുണ്ട്. അപ്പോഴേക്കും ശ്രീനഗറിലേക്കുള്ള വിമാനവും പോയിരുന്നു. പിന്നീട് ശ്രീനഗറിലേക്ക് സ്വകാര്യ ടാക്സിയിലാണ് ഇവർ യാത്ര തിരിച്ചത്.
സഞ്ജയ് ശുക്ല നൽകിയ പരാതിയിൽ ആൽവാർ ജില്ല ഉപഭോക്തൃ തർക്കപരിഹാര സമിതി 25,000 രൂപ നഷ്ടപരിഹാരമായും 5000 രൂപ വീതം ഇവർ നേരിട്ട മാനസിക ക്ലേശത്തിന് പരിഹാരമായും അതിന് പുറമേ വ്യവഹാര ചെലവും ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് ഉത്തരവിട്ടു. കൂടാതെ ദാൽ തടാകത്തിൽ ഒരു ഹൗസ് ബോട്ടും ഇവർ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. ഇതിന് വാടക നൽകിയ 10,000 രൂപയും ജമ്മുവിൽ നിന്നു ശ്രീനഗറിലേക്കുള്ള ടാക്സി യാത്രയുടെ ചെലവും റെയിൽവേ നൽകണമെന്നും ഉത്തരവിട്ടു. ജില്ലാ സമിതിയുടെ ഉത്തരവ് സംസ്ഥാന സമിതിയും ശരിവച്ചു.
എന്നാൽ, റെയിൽവേ ഇതിനെതിരേ ദേശീയ സമിതിയിൽ പരാതി നൽകിയെങ്കിലും അവരും ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ ട്രെയിൻ വൈകി ഓടുന്നത് റെയിൽവേയുടെ സേവനത്തിൽ ഉണ്ടാകുന്ന വീഴ്ചയല്ലെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചത്. പക്ഷേ, നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര സമിതിയുടെ ഉത്തരവിൽ കോടതിയുടെ ഇടപെടൽ വേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.