വാഹനയാത്രക്കാർ ശ്രദ്ധിക്കുക! കൊച്ചിയിൽ ചൊവ്വാഴ്ചയും ഗതാഗത നിയന്ത്രണം തുടരും
സ്വന്തം ലേഖകൻ
കൊച്ചി: വാഹനയാത്രക്കാർ ശ്രദ്ധിക്കുക, കൊച്ചി നഗരത്തിൽ ചൊവ്വാഴ്ചയും ഗതാഗത നിയന്ത്രണം തുടരും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും മുൻ ഉപപ്രധാന മന്ത്രി എൽ.കെ.അഡ്വാനിയുടെയും കൊച്ചി സന്ദർശനത്തോടനുബന്ധിച്ചാണ് ഗതാഗത നിയന്ത്രണം നടപ്പാക്കിയിരിക്കുന്നത്.ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ പതിനൊന്നുവരെ വില്ലിങ്ടൺ ഐലന്റ്, തേവര, ഫെറിസ കുണ്ടന്നൂർ ജംങ്ഷൻ, തൃപ്പുണ്ണിത്തുറ മിനി ബൈപാസ്, കണ്ണംകുളങ്ങര, പുതിയകാവ്, നടക്കാവ്, പുത്തൻകാവ് ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
ഈ സമയം ഐലന്റ് ഭാഗത്തു നിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങൾ കൊച്ചി മധുര റോഡു വഴിയുളള ഗതാഗതം ഒഴിവാക്കി തേവര, പളളിമുക്ക്, സഹോദരൻ അയ്യപ്പൻ റോഡ്, വൈറ്റില വഴി പോകേണ്ടതാണ്. അരൂർ ഭാഗത്തു നിന്നും തൃപ്പുണ്ണിത്തുറ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കൊച്ചി മധുര റോഡ് ഒഴിവാക്കി വൈറ്റില വഴി പോകേണ്ടതാണ്. തൃപ്പുണ്ണിത്തുറ പേട്ട ഭാഗത്തു നിന്നും കുണ്ടന്നൂർക്ക് വരുന്ന വാഹനങ്ങൾ ചമ്പക്കര വൈറ്റില വഴി പോകേണ്ടതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം വൈക്കം ഭാഗത്തു നിന്നും എറണാകുളത്തേക്കു വരുന്ന വാഹനങ്ങൾ മിനിബൈപ്പാസ് ഒഴിവാക്കി പൊലീസ് സ്റ്റേഷൻ മുൻവശം വഴി സ്റ്റാച്യു ജംങ്കഷനിലെത്തി വടക്കേ കോട്ട വഴി വൈറ്റിലയ്ക്ക് പോകേണ്ടതാണ്. രാവിലെ എറണാകുളം ഭാഗത്തു നിന്നും ഫോർട്ട് കൊച്ചി ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങൾ രാവിലെ 8.30 മുതൽ 10വരെ തേവര ജംങ്ഷനിൽ നിന്നും തേവര ഫെറി വഴി പോകേണ്ടതാണ്. പശ്ചിമ കൊച്ചിയിൽ നിന്നും എറണാകുളം ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങൾ രാവിലെ 8.30 മുതൽ 10വരെ ബിഒടി ജംങ്ഷനിൽ നിന്നും തേവര ഫെറി ജംങ്ഷനിലെത്തി തേവര വഴി പോകേണ്ടതാണ്.
ഒരാഴ്ചത്തെ സ്വകാര്യ സന്ദർശനത്തിനെത്തിയ ബിജെപി നേതാവ് എൽ.കെ.അഡ്വാനി ചൊവ്വാഴ്ച പൊൻകുന്നത്തെത്തും. മകൾ പ്രതിഭയും അദ്ദേഹത്തോടൊപ്പമുണ്ട്. തിങ്കളാഴ്ച കുമരകം സന്ദർശിച്ചു. ചൊവ്വാഴ്ച അദ്ദേഹം പൊൻകുന്നത്തെ മടുക്കാക്കുന്ന് എസ്റ്റേറ്റ് സന്ദർശിച്ചതിനശേഷം ഉച്ചയോടെ തേക്കടിയിലേക്കു പോകും. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹോട്ടലിലും സമീപത്തും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. 13ന് അദ്ദേഹം തിരികെപ്പോകും.