play-sharp-fill
ഭർത്താവിന്റെ ഫോൺ രഹസ്യങ്ങൾ ചോർത്താൻ ഭാര്യ ഉപയോഗിച്ചത് നിരീക്ഷണ ആപ്പായ ‘ട്രാക്ക് വ്യൂ’; ഭാര്യയും സുഹൃത്തും പിടിയിൽ

ഭർത്താവിന്റെ ഫോൺ രഹസ്യങ്ങൾ ചോർത്താൻ ഭാര്യ ഉപയോഗിച്ചത് നിരീക്ഷണ ആപ്പായ ‘ട്രാക്ക് വ്യൂ’; ഭാര്യയും സുഹൃത്തും പിടിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: ഭർത്താവിന്റെ ഫോൺ രഹസ്യങ്ങൾ ചോർത്താൻ ഭാര്യ ഉപയോഗിച്ചത് നിരീക്ഷണ ആപ്പായ ‘ട്രാക്ക് വ്യൂ’. രഹസ്യങ്ങൾ അറിയാനുള്ള വഴി ഉപദേശിച്ച് കൊടുത്തത് സുഹൃത്ത്. അതിനായി നിരീക്ഷണ ആപ്പായ ട്രാക്ക് വ്യൂവാണ് ഭാര്യാ സുഹൃത്ത് ഉപയോഗിച്ചത്. ഇത് ഗൂഗിൾ പ്ലേ സ്റ്റേറിൽ ലഭ്യമായ ആപ്പാണ്. കുട്ടികളെ നിരീക്ഷിക്കുന്നതിനായി മാതാപിതാക്കൾ മുതൽ കുറ്റവാളികളെ പിന്തുടരുന്നതിന് പൊലീസും ഉപയോഗിക്കുന്ന ആപ്പുകളിലൊന്നാണിത്. ഫോണിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ സ്പൈ ക്യാമറയുടെ ഗുണം ഇത് ചെയ്യും. നിയന്ത്രിക്കുന്ന ഫോണും നിയന്ത്രിക്കപ്പെടുന്ന ഫോണും ഇൻർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കുന്ന സമയങ്ങളിൽ ഫോണിന്റെ ഇരു ക്യാമറകൾ വഴി ദൃശ്യങ്ങളും ശബ്ദവും ആപ്പ് നിയന്ത്രിക്കുന്ന ആൾക്ക് കിട്ടും. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ആലപ്പുഴ വണ്ടാനം പുതുവൽ അജിത്തിനെ (32) കൊച്ചി സിറ്റി പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. വിവര സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തു സ്വകാര്യവിവരങ്ങൾ ചോർത്തിയ കുറ്റമാണ് ഇയാൾക്കെതിരെയുള്ളത്. മൂന്നു വർഷം തടവും രണ്ടു ലക്ഷം വരെ രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഒന്നാം പ്രതി അജിത്തിന്റെ സുഹൃത്തായ അമ്പലപ്പുഴ സ്വദേശി ശ്രുതി(22)യാണ് കേസിലെ രണ്ടാം പ്രതി. ശ്രുതിയുടെ ഭർത്താവ് എളമക്കര സ്വദേശി അദ്വൈതാണു പരാതിക്കാരൻ. ജോലി സംബന്ധമായി വിദേശത്തായിരുന്നപ്പോൾ അദ്വൈതിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴു ലക്ഷം രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട കുടുംബവഴക്കാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയത്.


അദ്വൈത് നാട്ടിലെത്തിയപ്പോൾ വഴക്കു മൂർഛിച്ചു. തുടർന്നു ശ്രുതി കുഞ്ഞുമായി സ്വന്തം നാട്ടിലേക്കു മടങ്ങി. ഒരുമിച്ചു താമസിച്ചിരുന്നപ്പോൾ തന്നെ ശ്രുതി ഭർത്താവിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യ ആപ്ലിക്കേഷൻ ഫോണിൽ സ്ഥാപിച്ചിരുന്നതായി പറയുന്നു. ഫോൺ ഉപയോഗിക്കുന്നവർക്കു നേരിട്ടു കാണാനാവാത്ത വിധം സ്‌ക്രീനിൽനിന്നു മറച്ചുവയ്ക്കാവുന്ന ആപ്പാണ് ഉപയോഗിച്ചത്. ശ്രുതി പിന്നീട് ഇടയ്ക്കിടെ അദ്വൈതിനെ ഫോണിൽ വിളിച്ചു പണത്തിനുവേണ്ടി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സംസാരത്തിനിടെ അദ്വൈത് അന്ന് എവിടെയൊക്കെ പോയി, ആരെയെല്ലാം കണ്ടു, എന്തെല്ലാം സംസാരിച്ചു തുടങ്ങിയ കാര്യങ്ങളും ശ്രുതി പറയാൻ തുടങ്ങി. ഭർത്താവിന്റെ ചില സ്വകാര്യ ദൃശ്യങ്ങൾ തനിക്കു ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇതോടെ ഫോണിലൂടെയാണു വിവരങ്ങൾ ചോരുന്നതെന്ന് അദ്വൈത് സംശയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെയാണ് സ്മാർട് ഫോണിൽ സാങ്കേതിക ജ്ഞാനമുള്ള സുഹൃത്തിന്റെ സഹായം തേടിയത്. അദ്വൈതിന്റെ ഫോൺ പരിശോധിച്ച സുഹൃത്ത് ഫോണിലെ ക്യാമറ, മൈക്രോഫോൺ, സ്പീക്കർ, ജിപിഎസ് ലൊക്കേഷൻ എന്നിവ വിദൂരത്തുള്ള മറ്റൊരു ഫോണിലൂടെ നിയന്ത്രിക്കാവുന്ന രഹസ്യ അപ്ലിക്കേഷൻ കണ്ടുപിടിച്ചു. ആപ്ലിക്കേഷന്റെ സെറ്റിങ്സ് തുറന്നു പരിശോധിച്ചപ്പോഴാണ് അദ്വൈതിന്റെ ഫോണിലെ ആപ്പിനെ നിയന്ത്രിക്കുന്നതു കേസിലെ ഒന്നാം പ്രതി അജിത്തിന്റെ ഫോണിൽ നിന്നാണെന്നു മനസ്സിലായത്. അജിത്തുള്ള സ്ഥലവും അയാളുടെ ചിത്രവും ട്രാക്ക് വ്യൂ അപ്ലിക്കേഷൻ ഉപയോഗിച്ചു കണ്ടെത്തി കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണർ ഹേമേന്ദ്രനാഥിനു പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ അജിത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച പൊലീസ് ഇയാളെ അമ്പലപ്പുഴയിൽനിന്നു പിടികൂടുകയായിരുന്നു.