play-sharp-fill
പരോളിലിറങ്ങിയ ടി.പി കേസ് പ്രതി സ്വകാര്യ  ചടങ്ങിൽ ആടിപ്പാടി യുവതികള്‍ക്കൊപ്പം..

പരോളിലിറങ്ങിയ ടി.പി കേസ് പ്രതി സ്വകാര്യ ചടങ്ങിൽ ആടിപ്പാടി യുവതികള്‍ക്കൊപ്പം..

സ്വന്തംലേഖകൻ

കോട്ടയം : പെരിയ ഇരട്ടക്കൊലപാതം സി.പി.എമ്മിനെ പ്രതികൂട്ടിലാക്കുമ്പോൾ പലതവണ ഉയർന്നു കേട്ടതാണ് ടി.പി വധക്കേസ് പ്രതികളോട് സർക്കാർ കാണിക്കുന്ന വിശാലമനസ്കതയും. ടി.പി കേസിലെ പ്രതിയായ പി .കെ കുഞ്ഞനന്തന് വഴിവിട്ട് പരോൾ അനുവദിക്കുന്നതിനെ ഹൈക്കോടതി തന്നെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ പരോളിനിറങ്ങിയ കൊടി സുനി പുതിയ
കേസിൽ അറസ്റ്റിലായതും വലിയ രോഷമാണ് സർക്കാരിനെതിരെ ഉയർത്തിയത്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ടി.പി ചന്ദ്രശേഖരന്‍ കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.വിയ്യൂർ സെന്‍ട്രൽ ജയിലിൽ നിന്ന് അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ശേഷം മുഹമ്മദ് ഷാഫി പങ്കെടുത്ത ചടങ്ങിലാണ് ഇയാൾ നൃത്തം ചെയ്ത് ആനന്ദിക്കുന്നത്. ഒപ്പം യുവതികളും നൃത്തം ചെയ്യുന്നതും വിഡിയോയിൽ കാണാം. ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. ഷാഫിക്കൊപ്പം കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും പരോൾ അനുവദിച്ചിരുന്നു.ടി.പി.വധക്കേസ് പ്രതികൾക്ക് സി.പി.എം വഴിവിട്ട സഹായങ്ങളും പരോളുകളും അനുവദിക്കുന്നതായി മുൻപ് തന്നെ ആക്ഷേപം ഉയർന്നിരുന്നു. രണ്ടാംപ്രതിയായ കിർമ്മാണി മനോജ് കഴിഞ്ഞ തവണ പരോളിൽ ഇറങ്ങി രണ്ടു കുട്ടികളുള്ള യുവതിയെ വിവാഹം ചെയ്തതും വാർത്തയായിരുന്നു.