
സ്വന്തം ലേഖകൻ
കൊച്ചി : പ്രതിഫലം വർദ്ധിപ്പിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് വിരാമമായി. നിർമ്മാതാക്കളുടെ വഴിയെ താരങ്ങളും. ടോവിനോ തോമസും ജോജു ജോർജും പ്രതിഫലം കുറയ്ക്കാൻ സമ്മതിച്ചതായി നിർമാതാക്കളുടെ സംഘടന.
കോവിഡിന്റെ പശ്ചാത്തലത്തിൽ മോഹൻലാൽ പോലും പ്രതിഫലം 50 ശതമാനം കുറച്ചപ്പോൾ യുവതാരങ്ങൾ പ്രതിഫലം കൂട്ടി ആവശ്യപ്പെട്ടത് നിർമാതാക്കളെ പ്രകോപിപ്പിച്ചിരുന്നു.ഈ സംഭവം വിവാദമായതോടെയാണ് പ്രതിഫലം കുറയ്ക്കാമെന്ന തീരുമാനമായി താരങ്ങളും എത്തിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിഫലം വാങ്ങാതെയാവും ടോവിനോ തോമസ് പുതിയ ചിത്രം ചെയ്യുക. സിനിമ വിജയിച്ചാൽ നിർമാതാവ് നൽകുന്ന വിഹിതം സ്വീകരിക്കാം എന്നാണ് ടോവിനോ തോമസ് പറഞ്ഞിരിക്കുന്നത്.
ജോജു ജോർജ് 20 ലക്ഷമാണ് പ്രതിഫലം കുറച്ചത്. കോവിഡിന് മുൻപ് 75 ലക്ഷമായിരുന്ന പ്രതിഫലം ഒരു കോടിയായാണ് ടൊവിനോ വർധിപ്പിച്ചത്. 45 ലക്ഷം രൂപ വാങ്ങിയിരുന്ന ജോജു 50 ലക്ഷവും ആവശ്യപ്പെടുകയായിരുന്നു.
കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് മുഖവിലക്കെടുക്കാതെയാണ് മലയാളത്തിലെ പ്രമുഖ നടന്മാർ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടത്.
തുടർന്ന് ഇരുവരുടേയും സിനിമയുടെ ചിത്രീകരണാനുമതി പുനഃപരിശോധിക്കാൻ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. പ്രതിഫലം കുറച്ചാൽ മാത്രമേ ചിത്രീകരണം അനുമതി നൽകൂ എന്നായിരുന്നു സംഘടനയുടെ നിലപാട്. ഈ സംഭവം വിവാദമായതോടെയാണ് രണ്ട് താരങ്ങളും പ്രതിഫലം കുറയ്ക്കാൻ തീരുമാനിച്ചത്.