
‘ട്രാവൽ വിഷൻ ഹോളിഡേയ്സ്’: വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ നൽകിയില്ല, ടൂർ ഏജൻസിക്ക് 78,000 രൂപ പിഴ ചുമത്തി ഉപഭോക്ത കോടതി
കൊച്ചി: വാക്ക് പറഞ്ഞ് പറ്റിച്ചെന്ന പരാതിയിൽ ടൂർ ഏജൻസിക്കെതിരായ പരാതിയിൽ നടപടി. ട്രാവൽ വിഷൻ ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിന് 78000 രൂപ പിഴ ചുമത്തി.
75000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും 3000 രൂപ കോടതി ചെലവായി നൽകാനും എറണാകുളം ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിച്ചു. ദില്ലിയിലേക്കുള്ള ടൂർ പാക്കേജുമായി ബന്ധപ്പെട്ട പരാതിയിലാണ് വിധി.
ഡൽഹി, ആഗ്ര, കുളു, മണാലി, അമൃതസർ, വാഗാ അതിർത്തി തുടങ്ങിയ കേന്ദ്രങ്ങളിൽ കൊണ്ടുപോകുമെന്ന് വിശ്വസിപ്പിച്ചാണ് ട്രാവൽ വിഷൻ ഹോളിഡേയ്‌സ് ബുക്കിംഗ് സ്വീകരിച്ചത്. വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ഒന്നും നൽകിയില്ലെന്നും സന്ദർശിക്കാനുള്ള സ്ഥലങ്ങൾ വെട്ടിച്ചുരുക്കിയെന്നുമാണ് മൂവാറ്റുപുഴ സ്വദേശി വിശ്വനാഥൻ പി.കെ പരാതിപ്പെട്ടത്. പരാതിക്കാരനും ഭാര്യയും അടക്കം 42 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹിയിലെ വിവിധ കേന്ദ്രങ്ങളിൽ വോൾവോ എസി സെമി സ്ലീപ്പർ ഡീലക്സ് ബസിൽ എത്തിക്കുമെന്ന വാഗ്ദാനമാണ് കമ്പനി ആദ്യം ലംഘിച്ചത്. സാധാരണ എസി ബസിലായിരുന്നു യാത്ര. വയോധികനായ ഒറ്റ ഡ്രൈവറാണ് ബസിൽ ഉണ്ടായിരുന്നത്. തുടർച്ചയായി 3000 കിലോമീറ്റർ ഇദ്ദേഹം ഒറ്റയ്ക്ക് ബസ് ഓടിച്ചു. ഒരു ഡ്രൈവറെ കൂടി നൽകുമെന്ന വാഗ്ദാനവും ലംഘിക്കപ്പെട്ടു. താമസത്തിന് നിലവാരമുള്ള ഹോട്ടൽ മുറി നൽകിയില്ല. ഏഴ് രാത്രി ത്രീ സ്റ്റാർ സൗകര്യമുള്ള മുറി നൽകുമെന്ന് പറഞ്ഞിട്ട് മൂന്ന് രാത്രി ബസിൽ തന്നെ കഴിയേണ്ടി വന്നു. ത്രീ സ്റ്റാർ സൗകര്യങ്ങൾ തന്നെ നൽകിയെന്ന് ചില ഫോട്ടോകൾ കാണിച്ച് ടൂർ കമ്പനി വാദിച്ചെങ്കിലും അവ വിശ്വാസ യോഗ്യമല്ലെന്ന് കോടതി കണ്ടെത്തി.