ഏൽപ്പിച്ച പണി മാത്രം ചെയ്താൽ മതി: തച്ചങ്കരിയോട് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ടോമിൻ ജെ. തച്ചങ്കരി ഏൽപ്പിച്ച ജോലി ചെയ്താൽ മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് നിയന്ത്രണം നിലയ്ക്കൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സർവീസിനെ ബാധിക്കുന്നുവെന്ന തച്ചങ്കരിയുടെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ സമരരംഗത്തുള്ള എൻ.എസ്.എസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സർക്കാരിനു കഴിഞ്ഞിട്ടില്ലേയെന്ന ചോദ്യത്തിനു സമരത്തിന് മുന്നിൽ ആരാണെന്നു മാത്രം നോക്കിയാൽ മതിയെന്നായിരുന്നു മറുപടി.
വിധി നടപ്പാക്കാൻ സാവകാശം തേടി സർക്കാരിനു കോടതിയിൽ പോകാൻ കഴിയുമായിരുന്നില്ല. സുപ്രീംകോടതിവിധി നടപ്പാക്കുക മാത്രമാണ് പോംവഴി. കോടതിവിധി എന്തായാലും നടപ്പാക്കാമെന്നു സർക്കാർ ഉറപ്പുനൽകിയിരുന്നതാണ്. യുവതിപ്രവേശനകാര്യത്തിൽ തുല്യതയ്ക്കാണു സർക്കാർ ഊന്നൽ നൽകിയത്. എന്നാൽ, ശബരിമല വിഷയത്തിൽ ഹിന്ദുമതത്തിൽ പാണ്ഡിത്യമുള്ളവരുടെ കമ്മിറ്റിയുണ്ടാക്കി തീരുമാനമെടുക്കണമെന്നായിരുന്നു സപ്രീംകോടതിയിൽ സർക്കാർ നിർദ്ദേശം മുന്നോട്ടുവച്ചത്. അതേസമയം, തിരുവിതാംകൂർ ദേവസ്വംബോർഡ് യുവതീപ്രവേശനത്തെ എതിർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാരിനും ബോർഡിനും രണ്ടു നിലപാടായിരുന്നു ഇക്കാര്യത്തിൽ. ശബരിമലയിൽ നടത്തുന്നത് ജനാധിപത്യവിരുദ്ധ നീക്കമാണ്. സന്നിധാത്തെ പ്രതിഷേധങ്ങൾ വകവച്ചുകൊടുക്കാനാവില്ല. അവിടെ ഭക്തർക്ക് എല്ലാ സൗകര്യവും ഒരുക്കണം.
ഒപ്പം ശരിയായ ദർശനസൗകര്യവും വേണം. അത് തടസപ്പെടുത്തുന്നതു കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.