കടുവകളുടെ കണക്കെടുപ്പിനായി സ്ഥാപിച്ചിരുന്ന ക്യാമറകൾ മോഷ്ടിക്കപ്പെട്ടു; അവസാനം ക്യാമറയിൽ പതിഞ്ഞത് മാവോയിസ്റ്റ് നേതാവിന്റെ ചിത്രം
സ്വന്തം ലേഖകൻ
പാലക്കാട്: വനംവകുപ്പ് കടുവകളുടെ കണക്കെടുപ്പിനായി അതിർത്തിയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ മോഷ്ടിക്കപ്പെട്ടു. വനത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന 12 നിരീക്ഷണ ക്യാമറകളാണ് മോഷണം പോയിരിക്കുന്നത്.
പാലക്കാട് നീലഗിരി വനനിരയുമായി അതിർത്തി പങ്കിടുന്ന സൈലന്റ് വാലി ബഫർസോണിൽ സ്ഥാപിച്ച ക്യാമറകളാണ് നഷ്ടപ്പെട്ടത്. പിന്നിൽ മാവോയിസ്റ്റുകളാണ് സംശയിക്കുന്നത്. ഇത്തരത്തിൽ ക്യാമറയിൽ മാവോവാദികളുടേതെന്ന് കരുതുന്ന ചിത്രം പതിഞ്ഞതായി പോലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്നിൽ ചലിക്കുന്ന വസ്തുക്കൾ മാത്രം വരുമ്‌ബോൾ വീഡിയോ പകർത്തുന്ന തരത്തിലുള്ള ക്യാമറകളാണ് വനം വകുപ്പ് സ്ഥാപിച്ചത്. എന്നാൽ യാദൃശ്ചികമായി മാവോവാദികൾ ക്യാമറയ്ക്കുമുന്നിൽ അകപ്പെട്ടപ്പോൾ ചിത്രം പതിഞ്ഞതാവാമെന്നാണ് പോലീസ് കരുതുന്നത്.
നീക്കങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ക്യാമറകൾ മാവോവാദികൾ കൈവശപ്പെടുത്തിയതായിരിക്കുമെന്നാണ് പോലീസ് നിഗമനം. പാലക്കാട് അഗളി സ്റ്റേഷൻ പരിധിയിലുള്ള 10 ക്യാമറകളും മലപ്പുരം ജില്ലയിലെ കാളികാവ് സ്റ്റേഷൻ പരിധിയിലുള്ള രണ്ട് ക്യാമറകളുമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ വകുപ്പിന് മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് വിലയിരുത്തിയിരിക്കുന്നത്.