ടൈഗർ തലവൻ ജോർജ് കുറ്റവിമുക്തൻ : ഉടൻ ഡി ഐ ജി ആകും
സ്വന്തംലേഖിക
തിരുവനന്തപുരം: ഡി.ജി.പി പോലുമറിയാതെ, സായുധ ബറ്റാലിയനിലെ 22 ഇടിവീരന്മാരെ ചേർത്ത് ‘റൂറൽ ടൈഗർ ഫോഴ്‌സ് ‘ എന്ന പേരിൽ സ്വന്തമായി തല്ല് സംഘം രൂപീകരിക്കുകയും വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ സംശയമുനയിലാവുകയും ചെയ്തിരുന്ന എസ്.പി എ.വി. ജോർജിനെതിരെയുള്ള വകുപ്പുതല അന്വേഷണവും നടപടികളും അവസാനിപ്പിച്ച് ഡി.ഐ.ജിയായി സ്ഥാനക്കയറ്റം നൽകാൻ ശ്രമം. വകുപ്പുതല അന്വേഷണം തുടരുമെന്ന ന്യായം പറഞ്ഞാണ് നേരത്തേ ജോർജിനെ സർവീസിൽ തിരിച്ചെടുത്തത്. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ജോർജിനെ നല്ലപിള്ളയാക്കി പ്രതിഷ്ഠിക്കുന്നത്.ജോർജിന് കസ്റ്റഡി കൊലപാതകത്തിൽ ബന്ധമില്ലെന്നും കേസിൽ സാക്ഷിയാണെന്നുമുള്ള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് ക്ലീൻചിറ്റ് നൽകുകയായിരുന്നു. കേസിൽ ജോർജിനെതിരെ ഇതുവരെ തെളിവുകളൊന്നും കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ.പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ മേയ് 11ന് ജോർജിനെ സസ്പെൻഡ് ചെയ്‌തെങ്കിലും ആഗസ്റ്റിൽ തിരിച്ചെടുത്തിരുന്നു. ജോർജിന്റെ ടൈഗർ ഫോഴ്‌സാണ് ആളുമാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. വരാപ്പുഴ എസ്.ഐ ജി.എസ്. ദീപക് പോലും അറിയാതെയായിരുന്നു അറസ്റ്റ്. ജോർജിന്റെ നിർദ്ദേശപ്രകാരമാണ് സ്്ക്വാഡിലെ മൂന്നു പേർ രാത്രി വീടുവളഞ്ഞ് ശ്രീജിത്തിനെ പിടികൂടിയത്.എസ്.പി നിർദ്ദേശിച്ചതനുസരിച്ചാണ് താൻ സ്ഥലത്തെത്തിയതെന്ന് സി.ഐ ക്രിസ്പിൻ സാം മൊഴി നൽകിയിരുന്നു. ഏപ്രിൽ 5നും 6നും അവധിയെടുത്ത് സ്വദേശമായ നെടുമങ്ങാട്ടായിരുന്ന തന്നെ, പരുഷമായ ഭാഷയിൽ ശകാരിച്ച് എസ്.പി വിളിച്ചുവരുത്തിയെന്നാണ് എസ്.ഐയുടെ മൊഴി. ശ്രീജിത്ത് മരിച്ചശേഷം സ്‌ക്വാഡിലെ പൊലീസുകാരോടും സി.ഐ, എസ്.ഐ എന്നിവരോടും ജോർജ് തുടർച്ചയായി സംസാരിച്ചതിന്റെ ഫോൺ രേഖയുമുണ്ട്.
ക്രൈംബ്രാഞ്ചിന്റെ മറ്റ് കണ്ടെത്തലുകൾ
ആളുമാറിയാണ് അറസ്റ്റെന്ന് വ്യക്തമായിട്ടും ശ്രീജിത്ത് പ്രതിയാണെന്ന് പറഞ്ഞ് ജോർജ് പൊലീസിനെ ന്യായീകരിച്ചു. ശ്രീജിത്തിനെതിരെ വ്യാജതെളിവുണ്ടാക്കാനും ശ്രമിച്ചു. ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്റേതെന്ന വ്യാജേന, വീടാക്രമണക്കേസിൽ ശ്രീജിത്ത് പ്രതിയാണെന്ന വ്യാജമൊഴി പുറത്തുവിട്ടത് ജോർജ് അറിഞ്ഞുകൊണ്ടാണ്. വീടാക്രമണത്തിനുപയോഗിച്ച ആയുധങ്ങൾ ശ്രീജിത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുപ്പിക്കാനും ഗൂഢാലോചന നടന്നു. ഇക്കാര്യവും ജോർജിന് അറിയാമായിരുന്നു. ശ്രീജിത്ത് കേസിലെ പ്രതികളായ ടൈഗർഫോഴ്‌സിലെ സന്തോഷിന് 70ഉം ജിതിന് 40ഉം സുമേഷിന് 45ഉം ഗുഡ്സർവീസ് എൻട്രികളാണ് ജോർജ് നൽകിയത്. ഇതിലും അന്വേഷണം ഒതുക്കപ്പെട്ടു.
സേനയിൽ ഭിന്നത
കേസിൽ ചിലരെ മാത്രം ക്രൂശിച്ച് ജോർജിനെ രക്ഷപ്പെടുത്തുകയാണെന്ന് സേനയിൽ ആരോപണമുയർന്നിട്ടുണ്ട്. സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന നാല് പൊലീസുകാരെ കേസിൽ പ്രതിയാക്കിയിരുന്നു. കസ്റ്റഡി മരണത്തിൽ നേരിട്ട് ബന്ധമില്ലാത്ത സി.ഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്തു. എസ്.ഐ ദീപക്കിനെതിരെ കൊലക്കുറ്റം ചുമത്തി. സി.ഐ ഉൾപ്പെടെ സസ്‌പെൻഷനിലുമായി.’ജോർജ് പ്രതിയല്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടുണ്ട്. ഇക്കാര്യം സർക്കാരിനെ അറിയിച്ചു. തീരുമാനം സർക്കാരിന്റേതാണ്. വരാപ്പുഴ കേസിൽ പ്രതികളായ പൊലീസുകാർക്കെതിരെ ഉടൻ കുറ്രപത്രം നൽകും.”
ലോക്‌നാഥ് ബെഹ്‌റ,
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് മേധാവി