ശബരിമലയിൽ കയറാതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി, എരുമേലി വഴി വന്നാൽ വിവരമറിയുമെന്ന് പി.സി. ജോർജ്, ഞങ്ങളുടെ ശവത്തിൽ ചവിട്ടിയെ കടന്നുപോകാൻ പറ്റൂ എന്ന് ഭക്തർ. വെട്ടിലായി പിണറായിയും പോലീസും.
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല തീർത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വിമാനത്താവളത്തിൽ നിന്നുതന്നെ തിരിച്ചുപോകണമെന്ന് പ്രതിഷേധക്കാർ. ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാൻ ഇവരെ അനുവദിക്കില്ലെന്നും ഇവർ അറിയിച്ചു. രാവിലെ 4.45ന് ഇന്റിഗോ വിമാനത്തിലെത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും പുറത്തിറങ്ങാനാവാതെ ഇപ്പോഴും വിമാനത്താവളത്തിനുള്ളിൽ തന്നെ തുടരുകയാണ്. പ്രതിഷേധങ്ങൾ എത്ര കനത്താലും ശബരിമല ദർശനം നടത്തിയേ മടങ്ങൂവെന്ന് തൃപ്തിദേശായി. സുരക്ഷ നൽകാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെന്നും ദർശനത്തിനുള്ള സൗകര്യം സർക്കാരും പോലീസും ഒരുക്കണമെന്നും തൃപ്തിദേശായി പറഞ്ഞു.
തൃപ്തിദേശായി തിരിച്ചുപോകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തങ്ങളുടെ ശവത്തിൽ ചവിട്ടിയേ തൃപ്തിയെ പോലീസിന് ശബരിമലയിൽ എത്തിക്കാനാകൂ എന്നാണ് വനിതാ പ്രവർത്തകർ അടക്കമുള്ളവർ പറഞ്ഞിരിക്കുന്നത്. പ്രതിഷേധം ചൂണ്ടിക്കാട്ടി തൃപ്തിയെ മടക്കി അയയ്ക്കാൻ നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെ വെട്ടിലായിരിക്കുന്നത് പോലീസാണ്. തൃപ്തിയുമായി സമവായ ചർച്ചയ്ക്ക് ശ്രമിക്കുന്നു എന്ന് ഹിന്ദു ഐക്യവേദിയും ബിജെപിയും വ്യക്തമാക്കി. എന്നാൽ ഇവർ ഫോൺ പോലും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം തന്നെ സംഭവം സംഘർഷത്തിലേക്ക് നീങ്ങരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് സംഘപരിവാർ നേതാക്കൾ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃപ്തി എത്തുന്നതറിഞ്ഞ് പുലർച്ചെ നാലു മണി മുതൽ സംഘപരിവാർ സംഘടനകൾ വിമാനത്തിന് മുന്നിൽ നാമജപ പ്രതിഷേധവുമായി സംഘടിച്ചിരുന്നു. തൃപ്തിക്ക് പോകാൻ ഓൺലൈൻ – പ്രീ പെയ്ഡ് ടാക്സി ഡ്രൈവർ മാർ കൂടി വിസമ്മതിച്ചിരിക്കുന്ന സാഹചര്യത്തിൽ സുഹൃത്തുക്കൾ വഴിവാഹനം എത്തിക്കാനുള്ള ശ്രമത്തിലാണ് തൃപ്തി ദേശായി. സ്ഥലത്തു വൻ പോലീസ് സന്നാഹമുണ്ട്. 4.45 ന് നെടുമ്ബാശ്ശേരിയിൽ എത്തിയ തൃപ്തിക്ക് അഞ്ച് മണിക്കൂറായിട്ടും വിമാനത്താവളത്തിന് പുറത്ത് എത്താനായിട്ടില്ല.
അതേസമയം തൃപ്തിക്ക് പ്രത്യേക സുരക്ഷ നൽകുന്ന കാര്യം ആലോിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ശബരിമലയിൽ ഡ്യൂട്ടിയിലുള്ള ഉന്നതോദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം തീരുമാനം എടുക്കുമെന്നുമാണ് ഡിജിപി പറയുന്നത്. അതിനിടയിൽ നെടുമ്ബാശ്ശേരി വിമാനത്താളവത്തിന് പുറത്ത് ആൾക്കാർ കൂടിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ ബിജെപിക്കാർ എത്തിക്കൊണ്ട് ഇരിക്കുകയാണ്. ഇെേതടെ മറ്റു യാത്രക്കാരും ബുദ്ധിമുട്ടിലായി.
പൊലീസ് വാഹനമല്ലാതെ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ തൃപ്തി ദേശിയിക്ക് മുന്നിൽ മറ്റ് വഴികളില്ല. എന്നാൽ പൊലീസ് വാഹനങ്ങളിലോ സർക്കാർ സംവിധാനം ഉപയോഗിച്ചോ ഇവരെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയുമെന്ന് പ്രതിഷേധക്കാർ അറിയിച്ചിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെ നിരവധിപ്പേർ വിമാനത്തിന് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇവർ പുറത്ത് കുത്തിയിരുന്ന് നാമജപം സമരം തുടരുന്നു. പ്രതിഷേധക്കാരുമായി സമവായത്തിന് ശ്രമിച്ചെങ്കിലും വഴങ്ങിയിട്ടില്ല. പുറത്ത് നടക്കുന്ന പ്രതിഷേധത്തിന്റെ വിവരങ്ങൾ പൊലീസ് അറിയിച്ചുവെങ്കിലും മടങ്ങിപ്പോകാൻ തൃപ്തി ദേശായി തയ്യാറായിട്ടില്ല. എന്ത് വിലകൊടുത്തും ശബരിമലയിൽ ദർശനം നടത്തുമെന്നായിരുന്നു തൃപ്തി ദേശായി തേർഡ് ഐ ന്യൂസിനോട് പ്രതികരിച്ചത്. പൊലീസ് സുരക്ഷ ഉറപ്പുനൽകിയിട്ടുണ്ടെന്നും വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു.
അതിനിടെ ശബരിമല ദർശനത്തിനായി എരുമേലി വഴി തൃപ്തി ദേശായി എത്തിയാൽ വിവരമറിയുമെന്നും എരുമേലി കടന്ന് ശബരിമലയ്ക്ക് പോകാമെന്ന് കരുതെണ്ടെന്നും പി. സി.ജോർജ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഇത് മഹാരാഷ്ട്ര അല്ല കേരളമാണെന്നും എന്റെ മണ്ഡലമായ പൂഞ്ഞാറിലെ എരുമേലി കടന്ന് വേണം ശബരിമലയ്ക്ക് പോകാനെന്നും തൃപ്തി ദേശായി മനസ്സിലാക്കിയാൽ നന്നായിരിക്കുമെന്നും പി.സി. ജോർജ് വ്യക്തമാക്കി.