Spread the love

തൃശൂർ : കഴിഞ്ഞ ദിവസമാണ് തൃശൂർ നഗരമധ്യത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജില്‍ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇപ്പോൾ നിർണായക വഴിത്തിരിവ് ഉണ്ടായി. തൃശൂർ എടമുട്ടം സ്വദേശിനി 30കാരിയായ ജ്യോതിയാണ് പ്രസവത്തിനിടെ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ വിവസ്ത്രയായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. സമീപത്ത് തന്നെ നവജാത ശിശുവിന്റെ മൃതദേഹവും കണ്ടെത്തി. യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ യുവതിയെ ലോഡ്ജിലെത്തിച്ച തൃശൂർ സ്വദേശിയായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

video
play-sharp-fill

2024-ല്‍ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയെന്നാരോപിച്ച്‌ ഇതേ ഓട്ടോ ഡ്രൈവർക്കെതിരെ ജ്യോതി ഗുരുവായൂർ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പിന്നീട് ഇരുവരും കേസ് ഒത്തുതീർപ്പാക്കിയിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. അതിനാൽ തന്നെ യുവതിയുടെ ഗർഭധാരണത്തിലും മരണത്തിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ നിലവിലെ ഗർഭധാരണത്തെക്കുറിച്ച്‌ തനിക്ക് അറിവില്ലായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവർ പൊലീസിന് നല്‍കിയ മൊഴി.

കഴിഞ്ഞ 27-ന് ഉച്ചയ്ക്ക് രണ്ടരയോടെ ഓട്ടോ ഡ്രൈവറോടൊപ്പമാണ് ജ്യോതി ലോഡ്ജിലെത്തി മുറിയെടുത്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്ന് യുവതിക്കൊപ്പം കുഞ്ഞുണ്ടായിരുന്നില്ല. മുറിയിലെത്തിയ ശേഷമാണ് പ്രസവം നടന്നതെന്നും തുടർന്ന് അമ്മയും കുഞ്ഞും മരിക്കുകയായിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. പ്രസവശേഷം ആവശ്യമായ വൈദ്യസഹായം ലഭിക്കാതിരുന്നതാകാം മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻക്വസ്റ്റ് നടപടികളിലും പ്രസവത്തിനിടെയാണ് ജ്യോതി മരിച്ചതെന്ന സൂചനകളാണ് ലഭിച്ചിട്ടുള്ളത്. കൃത്യമായ മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ. ലോഡ്ജ് രേഖകള്‍ പ്രകാരം മുറിയെടുത്തതിന് പിന്നാലെ ഞായറാഴ്ച ജ്യോതിയെ കാണാൻ ഓട്ടോ ഡ്രൈവർ വീണ്ടും എത്തിയിരുന്നു. പിന്നീട് പുറത്തുപോയ ഇയാള്‍ വീണ്ടും തിരിച്ചെത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി. തുടർന്ന് ഫോണില്‍ ബന്ധപ്പെടാൻ കഴിയാതിരുന്നതോടെ ചൊവ്വാഴ്ച ഇയാള്‍ വീണ്ടും ലോഡ്ജിലെത്തി. വാതില്‍ തുറക്കാത്തതിനെ തുടർന്ന് ലോഡ്ജ് മാനേജർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് അമ്മയെയും നവജാത ശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറി അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നതിനാല്‍ കൊലപാതക സാധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലങ്ങളും ലഭിച്ച ശേഷമാകും മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ വ്യക്തത ലഭിക്കുക.