അതിരുവിട്ട് പൊലീസ് ബലപ്രയോഗം; മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനിടെ ബാരിക്കേഡ് വെച്ച് എഴുന്നള്ളിപ്പ് തടഞ്ഞു; പൂരം നിറുത്തി വെച്ച് തിരുവമ്പാടി വിഭാഗം; ചരിത്രത്തിലാദ്യം…!’
തൃശൂർ: പൊലീസിന്റെ നിയന്ത്രണം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരം നിറുത്തിവച്ചു.
രാത്രി ഒന്നരയോടെ മഠത്തില്‍ വരവ് പഞ്ചവാദ്യം നടത്തുന്നതിനിടെ നടുവിലാല്‍ ഭാഗത്ത് പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം.
തുടർന്ന് പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ തേക്കിൻകാട്ടിലേക്ക് പ്രവേശിക്കുന്ന പാണ്ടി സമൂഹമഠം വഴിയില്‍ നിന്നുള്ള ഭാഗത്തെ വഴി പൊലീസ് ബാരിക്കേഡ് കൊണ്ട് അടച്ചരുന്നു. ഇതുമൂലം മണികണ്ഠനാല്‍ വഴി മാത്രമാണ് ക്ഷേത്രമൈതാനത്തേക്ക് കയറാനായത്.
കഴിഞ്ഞ വർഷങ്ങളിലൊന്നും ഈ വഴി അടച്ചുകെട്ടിയിരുന്നില്ല. വെടിക്കെട്ട് സമയത്ത് ആളുകളെ മാറ്റുമ്പോള്‍ ബാരിക്കേഡ് വച്ച് അടയ്ക്കാവുന്ന സ്ഥലമാണ് രാവിലെ മുതല്‍ കൊട്ടിയടച്ചത്.
മഠത്തില്‍ വരവ് പഞ്ചവാദ്യം ആരംഭിക്കുന്ന സമയത്ത് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന്റെ പന്തലില്‍ തിരുവമ്പാടി വിഭാഗം കമ്മിറ്റിക്കാർ ഉള്‍പ്പടെയുള്ളവരെ തള്ളിമാറ്റിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വാദ്യാസ്വാദകർക്ക് മുന്നില്‍ പൊലീസിനെ വിന്യസിച്ചു.
സി.എം.പി നേതാവ് സി.പി. ജോണ്‍ അടക്കമുള്ളവരെ മാറിനില്‍ക്കാൻ കമ്മിഷണർ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.