
തൃശ്ശൂർ : ഒറ്റനോട്ടത്തില്‍ വലിയ റിസോർട്ടിലെ നീന്തല്‍ക്കുളമാണെന്ന് തോന്നിപ്പോകും. എന്നാലിത് പാവറട്ടി പഞ്ചായത്തിലെ കോന്നൻ ബസാറിലുള്ള നവീകരിച്ച പൊതുകുളമാണ്.മഴയില്‍ നിറഞ്ഞുകിടക്കുന്ന കുളത്തില്‍ നീന്തിത്തിമർക്കാൻ വിവിധ പ്രദേശങ്ങളില്‍നിന്നായി നൂറുകണക്കിന് പേരാണ് രാവിലെയും വൈകീട്ടും ഇവിടെയെത്തുന്നത്.
ജില്ലാ പഞ്ചായത്തും പാവറട്ടി പഞ്ചായത്തും ചേർന്നാണ് കുളം നവീകരിച്ചത്. ജില്ലാ പഞ്ചായത്തിന്റെ തനതുഫണ്ടില്‍നിന്ന് 40 ലക്ഷം രൂപയും എംജിഎൻആർഇജിഎസ് ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപയും ചെലവിട്ടു. പായലും പൂപ്പലും മറ്റു മാലിന്യങ്ങളും നിറഞ്ഞ് കുളത്തിലേക്ക് ഇറങ്ങാൻതന്നെ ഭയപ്പെട്ടിരുന്ന ആളുകള്‍ക്കെല്ലാം പുതു കാഴ്ചയാണ് പുത്തൻകുളം.
നവീകരണത്തിന്റെ ഭാഗമായി കുളത്തിന്റെ അരിക് പൈലിങ് നടത്തി കോണ്‍ക്രീറ്റിട്ട് ബലപ്പെടുത്തിയിട്ടുണ്ട്. തകർന്ന സംരക്ഷണഭിത്തികള്‍ എല്ലാം കെട്ടി. ശേഷം കുളത്തിലെ മണ്ണും ചെളിയും നീക്കംചെയ്ത് 12 ചവിട്ടുപടികളും നിർമിച്ചു. ഈ ജോലികളെല്ലാം വേനലില്‍ വെള്ളം വറ്റിച്ചശേഷം പരിമിതമായ സമയം കൊണ്ടാണ് പൂർത്തീകരിച്ചത്. പിന്നീട് കുളത്തിന് ചുറ്റും മനോഹരമായ ചുറ്റുമതിലും ഇരിപ്പിടങ്ങളും തയ്യാറാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇനി ടൈല്‍വിരിക്കല്‍, ലൈറ്റുകള്‍ സ്ഥാപിക്കല്‍ എന്നിവകൂടി പൂർത്തിയാക്കാനുണ്ട്. ഔപചാരികമായി കുളം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിനു മുൻപുതന്നെ ആളുകളുടെ തിരക്കാണിവിടെ.