അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തിൽ ചാടിയ യുവാവ് അറസ്റ്റിൽ

Spread the love

തൃശൂർ: അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തിൽ ചാടിയ യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ എസ് എൻ പുരം സ്വദേശി വടക്കൻ വീട്ടിൽ ആഷിക്ക് (അച്ചു -34) ആണ് അറസ്‌റ്റിലായത്. യുവതിയെ സമൂഹമാധ്യമങ്ങൾ വഴി അപമാനിച്ച കേസിൽ കോടതിയിൽ വിചാരണക്ക് ഹാജരാകാതെ വന്നതോടെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിൽ ഇയാൾക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാൾ കൊടുങ്ങല്ലൂർ ഭാഗത്തുണ്ടെന്ന് അറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തിയപ്പോഴാണ് പ്രതി കുളത്തിലേക്ക് എടുത്തുചാടിയത്.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയുമായി ആഷിക് നേരത്തെ സൗഹൃദത്തിലായിരുന്നു. പിന്നീട് ഈ യുവതിയോട് ഇയാൾ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ യുവതി പണം നൽകിയില്ല. ഇതേ തുടർന്ന് സൗഹൃദത്തിലായിരുന്ന സമയത്ത് യുവതി അറിയാതെ പകർത്തിയ ഫോട്ടോകളും വീഡിയോകളും ഒപ്പം ഇവർ തമ്മിലയച്ച സന്ദേശങ്ങളും പ്രതി പലർക്കായി അയച്ചുകൊടുത്തു. യുവതിയുടെ അമ്മയുടെയും സഹോദരിയുടെയും സുഹൃത്തുക്കളുടേയും ഫോണിലേക്കാണ് ആഷിഖ് ഇവ അയച്ചത്. സംഭവത്തിൽ യുവതി ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

കേസിൽ നേരത്തെ അറസ്റ്റിലായ ആഷിഖ് കോടതിയിൽ നിന്ന് ജാമ്യമെടുത്തിരുന്നു. അന്വേഷണം പൂർത്തിയാക്കി കേസിൽ വിചാരണ തുടങ്ങിയെങ്കിലും പ്രതി കോടതിയിൽ ഹാജരായില്ല. ഇതോടെ ആഷിക്കിനെ പിടികൂടാനായി കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം അന്വേഷണം നടക്കുന്നതിനിടെ ആഷിക്ക് കൊടുങ്ങല്ലൂർ ഭാഗത്തുണ്ടെന്നുള്ള രഹസ്യ വിവരം പൊലീസിന് ലഭിച്ചു. തന്നെ പിടികൂടാനായി എത്തിയ അന്വേഷണ സംഘത്തെ കണ്ട് ആഷിക്ക് സമീപത്തുള്ള കുളത്തിലേക്ക് ചാടുകയായിരുന്നു. തുടർന്ന് കൊടുങ്ങല്ലൂർ ഫയർഫോഴ്സും പോലീസും ചേർന്ന് ആഷിഖിനെ അനുനയിപ്പിച്ച് കരക്ക് കയറ്റി അറസ്റ്റ് ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്. ഒരു വധശ്രമക്കേസിലും, നാല് മോഷണക്കേസുകളിലും, സർക്കാർ ജീവനക്കാരന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിലും, മൂന്ന് അടിപിടി കേസുകളിലും, പൊതുസ്ഥലത്ത് സ്ത്രീകളോട് ലൈംഗിക ചേഷ്ടകൾ കാണിച്ച കേസിലും അടക്കം പത്തോളം ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുജിത്ത്.പി.എസ്, ജി.എസ്.ഐ അശോകൻ.ടിഎൻ, സി.പി.ഒ മാരായ ഷിബു വാസു, അനീഷ്. പവിത്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.