തൃപ്തി ദേശായി അറസ്റ്റിൽ

തൃപ്തി ദേശായി അറസ്റ്റിൽ

സ്വന്തം ലേഖകൻ

പൂന: മനുഷ്യാവകാശ പ്രവർത്തക തൃപ്തി ദേശായിയെ പോലീസ് അറസ്റ്റ് ചെയ്തു. ഷിർദി ക്ഷേത്രദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്‌നഗർ എസ്പിക്ക് തൃപ്തി ദേശായി കത്ത് നൽകിയിരുന്നു. ശബരിമല വിഷയം സംസാരിക്കാൻ കൂടിക്കാഴ്ചയ്ക്കുളള അവസരം തേടിയാണ് കത്ത്. തന്നെ കാണാൻ കൂട്ടാക്കിയില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വാഹനം തടയുമെന്ന് തൃപ്തി ദേശായി ഭീഷണിമുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് പുലർച്ചെയാണ് തൃപ്തിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധിക്കാൻ ഭരണഘടന നൽകുന്ന അവകാശം പോലീസ് നിഷേധിക്കുകയാണെന്ന് തൃപ്തി ദേശായി പ്രതികരിച്ചു. അതേസമയം മുത്തലാഖ് വിഷയത്തിൽ സ്ത്രീപക്ഷമാകുന്ന കേന്ദ്ര സർക്കാർ, സുപ്രീംകോടതി വിധിയുണ്ടായിട്ടും ശബരിമല വിഷയത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് തൃപ്തി ദേശായി ചോദിച്ചു. മഹാരാഷ്ട്ര ഷിർദി ക്ഷേത്രം സന്ദർശിക്കുന്ന മോദിയോട് ഇക്കാര്യങ്ങൾ ഉന്നയിക്കുമെന്നും തൃപ്തി ദേശായി പുനെയിൽ പറഞ്ഞു.