
പെട്ടിമുടിയില്‍ ഗര്‍ഭിണിയുടേതടക്കം മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; ഇനി കണ്ടെത്താനുള്ളത് അഞ്ച് പേരെ; ദുരന്തത്തിൽ ആകെ മരണം 65
സ്വന്തം ലേഖകൻ
മൂന്നാർ: ഉരുൾപൊട്ടൽ നടന്ന പെട്ടിമുടിയില്‍ ഇന്നലെ നടത്തിയ തിരച്ചിലില്‍ ഒരു ഗര്‍ഭിണിയുടേതടക്കം മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 65 ആയി. ഇനി അഞ്ച് പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്.
പെട്ടിമുടിയിലെ ദുരന്ത സ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ പൂതക്കുഴിയില്‍ പുഴയോരത്ത് നിന്നാണ് ഇന്നലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 26 വയസ്സുള്ള മുത്തുലക്ഷ്മി, 15 വയസ് പ്രായമുള്ള കൗശിക, ശിവരഞ്ജി എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇന്നലെ കണ്ടെത്തിയ മുത്തുലക്ഷ്മി ഗര്‍ഭിണി ആയിരുന്നു. പൂതക്കുഴിക്ക് സമീപമുള്ള വനപ്രദേശത്താണ് പ്രധാനമായും തിരച്ചില്‍ നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശത്ത് പുലിയുടേതടക്കം വന്യജീവികളുടെ ശല്യമുള്ളത് തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. മൂന്നാര്‍ പഞ്ചായത്തിലെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ട്രിച്ചി ഭാരതി ദാസന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നെത്തിയ നാലംഗ സംഘം അപകടം നടന്ന സ്ഥലത്ത് റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. അവസാനത്തെ ആളെ കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു.
ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മനോജ് കുമാര്‍ കെ വി പറഞ്ഞു. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ദുരന്തത്തില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട് മൂന്നാര്‍ കോളനിയിലെ ബന്ധുവീട്ടില്‍ താമസിക്കുന്ന രണ്ട് കുട്ടികളെ കമ്മീഷന്‍ സന്ദര്‍ശിച്ചു.