Spread the love

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി ഉപയോഗം തടയുന്നതിനും വിദ്യാർഥികളിൽ ജാഗ്രത വളർത്തുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കൊച്ചി സിറ്റി പോലീസ് സ്കൂൾ ലീഡർമാർക്കായി പ്രത്യേക ബോധവൽക്കരണ പരിശീലനം സംഘടിപ്പിച്ചു. കൊച്ചി സിറ്റി പോലീസ് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നായി 400-ലധികം വിദ്യാർഥി നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്.

video
play-sharp-fill

മട്ടാഞ്ചേരി, സെൻട്രൽ, എറണാകുളം, തൃക്കാക്കര എന്നീ നാല് സബ് ഡിവിഷനുകളിലായി ഫാത്തിമ ഗേൾസ് ഹൈസ്കൂൾ, മരിയൻ ഹാൾ, എസ്.എച്ച്. കോളേജ് ഓഡിറ്റോറിയം, ട്രാഫിക് വെസ്റ്റ് പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാൾ, ജില്ലാ പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലായിരുന്നു പരിശീലന സെഷനുകൾ നടന്നത്. വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സംശയാസ്പദമായ പ്രവർത്തനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമുള്ള മാർഗനിർദേശങ്ങളാണ് നൽകിയത്.

വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള ഇടപെടലുകളിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി വിമുക്ത ക്യാമ്പസുകളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനത്തിൽ പങ്കെടുത്ത സ്കൂൾ ലീഡർമാരെ ‘തൂഫാൻ വാരിയേഴ്സ്’ ആയി നിയോഗിച്ച് പ്രത്യേക ബാഡ്ജുകൾ നൽകും. അസിസ്റ്റന്റ് പോലീസ് കമ്മീഷണർമാരായ ആർ. മനോജ് കുമാർ, സി.ആർ. സന്തോഷ്, ഇൻസ്പെക്ടർമാരായ എ. അനൂപ്, എം.ബി. രാജേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സോഷ്യൽ പോലീസിംഗ് വിങ്ങിലെ ഉദ്യോഗസ്ഥരാണ് ക്ലാസുകൾ നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group