
തലയ്ക്ക് പരിക്കേറ്റ് ബെംഗളൂരുവില്‍ ചികിത്സയിലിരിക്കെ യുവാവ് മരിച്ച സംഭവം: കൊലപാതകമെന്ന് ആരോപിച്ച് കുടുംബം; യുവാവിനേറ്റ പരിക്ക് വീഴ്ചമൂലം ഉണ്ടായതല്ലെന്ന് ഡോക്ടർമാർ; മരണം കാഞ്ഞിരപ്പള്ളി സ്വദേശിയുടെ മർദ്ദനമേറ്റെന്ന് കുടുംബം; ആരോപണവിധേയനായ യുവാവ് ഒളിവിൽ
തൊടുപുഴ: തലയ്ക്ക് പരിക്കേറ്റ് ബെംഗളൂരുവില്‍ ചികിത്സയിലിരിക്കെ, തൊടുപുഴ ചിറ്റൂര്‍ സ്വദേശി പുത്തന്‍പുരയില്‍ ലിബിന്‍ ബേബി (32) മരിച്ചതില്‍ ദുരൂഹത ആരോപിച്ച് കുടുംബം.
ലിബിന്റെ മരണം ഒപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ മര്‍ദ്ദനമേറ്റാണെന്ന് ആരോപിച്ച് കുടുംബം ബെംഗളൂരു പോലീസില്‍ പരാതി നല്‍കി. ആറുവര്‍ഷമായി ലിബിന്‍ ബെംഗളൂരുവിലെ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു. മലയാളികളായ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മുറിയിലാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ലിബിന് കുളിമുറിയില്‍ തെന്നിവീണ് പരിക്കേറ്റുവെന്ന്, കുടുംബാംഗങ്ങളെ സഹൃത്തുക്കള്‍ അറിയിക്കുന്നത്. കുടുംബാംഗങ്ങള്‍ ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് തലയ്ക്കു പരിക്കേറ്റ ലിബിന്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് അറിയുന്നത്. ഡോക്ടര്‍മാരുമായി സംസാരിച്ചപ്പോഴാണ് ലിബിനേറ്റ പരിക്ക് വീഴ്ചമൂലം ഉണ്ടായതല്ലെന്ന് മനസ്സിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ, ലിബിനൊപ്പം ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് ബെംഗളൂരുവില്‍ നിന്ന് മുങ്ങി. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മുങ്ങിയ യുവാവിന്റെ മര്‍ദ്ദനമേറ്റാണ് ലിബിന്‍ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗുരുതരാവസ്ഥയിലായിരുന്ന ലിബിന്റെ മരണം സ്ഥിരീകരിച്ചത് ബുധനാഴ്ച രാത്രിയാണ്.
കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം ലിബിന്റെ അവയവങ്ങള്‍ എട്ടുപേര്‍ക്ക് ദാനംചെയ്തു. ഹൃദയം, വൃക്ക, കണ്ണ്, കരള്‍, പാന്‍ക്രിയാസ്, മജ്ജ തുടങ്ങിയവയാണ് ദാനംചെയ്തത്. പുത്തന്‍പുരയില്‍ ബേബിയുടെയും മേരിക്കുട്ടിയുടെയും മകനാണ് ലിബിന്‍. സഹോദരി ലിന്റു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.