കമ്പക്കാനം കൂട്ടക്കൊലപാതകത്തിൽ മുഖ്യ പ്രതി അനീഷിന്റെ വെളിപ്പെടുത്തൽ പുറത്ത്; ഞായറാഴ്ച കൊല നടത്തിയ പ്രതികൾ നാലുപേരെയും കുഴിച്ചുമൂടിയത് തിങ്കളാഴ്ച പുലർച്ചെ

കമ്പക്കാനം കൂട്ടക്കൊലപാതകത്തിൽ മുഖ്യ പ്രതി അനീഷിന്റെ വെളിപ്പെടുത്തൽ പുറത്ത്; ഞായറാഴ്ച കൊല നടത്തിയ പ്രതികൾ നാലുപേരെയും കുഴിച്ചുമൂടിയത് തിങ്കളാഴ്ച പുലർച്ചെ

സ്വന്തം ലേഖകൻ

ഇടുക്കി: കമ്പക്കാനം കൂട്ടക്കൊലപാതകത്തിൽ മുഖ്യപ്രതി അനീഷിന്റെ നിർണായക മൊഴി പുറത്തുവന്നു. ഞായറാഴ്ച്ച കൊല നടത്തിയതിനു ശേഷം തിങ്കളാഴ്ച്ചയാണ് ഇവരെ കുഴിച്ചു മൂടിയതെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും വിവരം ലഭിച്ചു. രാത്രിയോടെ വീട്ടിലെത്തിയ സംഘം ആടിനെ ഉപദ്രവിച്ചു. ആട് കരയുന്ന ശബ്ദം കേട്ട് കതകു തുറന്നിറങ്ങിയ കൃഷണനെ ആദ്യം തലക്കടിച്ചു വീഴ്ത്തി പിന്നീട് പിന്നാലെയെത്തിയ മറ്റുള്ളവരെയും ചുറ്റികയ്ക്ക് തലക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നവെന്ന് കസ്റ്റഡിയിലുള്ള അനീഷ് മൊഴി നൽകി. പോസ്റ്റുമോർട്ടത്തിൽ കൃഷ്ണന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം കണ്ടെത്തിയിരുന്നു. ഇത് ജീവനോടെയാണ് കുഴിച്ചു മൂടിയതെന്ന സംശയമാണ് നൽകുന്നത്. ആക്രമണത്തിനു ശേഷം നാലു പേരും മരിച്ചെന്നു കരുതി തിരിച്ചു പോയവർ പിന്നീടെത്തിയപ്പോൾ കൃഷ്ണനെയും മകനെയും ജീവനോടെ കാണുകയും വീണ്ടും തലക്കടിച്ചു കൊല്ലുകയുമായിരുന്നു. അനീഷിന്റെ പെരുമാറ്റമാണ് പൊലീസിന് സംശയത്തിനിട നൽകിയത്. പതിവായി ഇയാളുടെ ബൈക്കിൽ കൃഷ്്ണൻ സഞ്ചരിച്ചിരുന്നു. കൃഷ്്ണന്റെ സന്തത സഹചാരിയായിരുന്ന അനീഷ് കുടംുബമൊന്നാകെ കൊല്ലപ്പെട്ടിട്ടും സംഭവ സ്ഥലത്ത് എത്താതിരുന്നതും പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. അനീഷിനു കൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളും മന്ത്രവാദ തട്ടിപ്പുകളെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ അറിയാമായിരുന്നു. ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതികത്തിലേക്കു നയിച്ചതെന്നാണ് സൂചന. നെടുങ്കണ്ടം പാമ്പാടുംപാറ സ്വദേശി പാങ്ങോട് സ്വദേശി ഷിബു, തച്ചോണം സ്വദേശി ഇർഷാദ്, പേരൂർക്കട എസ്എപി ക്യാമ്പിൽ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ രാജശേഖരൻ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ കൃഷ്ണുമായി ബന്ധം പുലർത്തിയിരുന്നവരാണെങ്കിലും കൊലപാകത്തിൽ പങ്കുണ്ടോയെന്ന തെളിയാക്കാൻ കഴിഞ്ഞില്ല. അതിനാൽ ഇവരെ ബന്ധുക്കൾക്കൊപ്പം കർശന നിർദ്ദേശങ്ങളോടെ വിട്ടയക്കുകയായിരുന്നു. അടിമാലിക്കാരനായ മന്ത്രവാദിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാളുടെ പങ്കിനെകുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. അനീഷിനു വേണ്ടി മന്ത്രവാദക്രിയ നടത്തിയതും വേണ്ട നിർദ്ദേശങ്ങൾ നൽകിയത് ഇയാളാണെന്നും സൂചനയുണ്ട്. ഇവർ മൂന്നു പേർക്കു പുറമെ തമിഴ്നാട്ടുകാരായ ഏതാനും പേരും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് സൂചന. എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ, ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ എന്നിവർ നേരിട്ടാണ് ചോദ്യം ചെയ്യലിനു നേതൃത്വം നൽകിയത്. ശാസ്ത്രീയമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞത്.