
തൊടുപുഴയിൽ മയക്കുമരുന്നുമായി പിടികൂടിയവരിൽ നിന്ന് കൈകൂലി വാങ്ങി; നർകോട്ടിക്ക് സി ഐ അടക്കം എട്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
തൊടുപുഴ: മയക്കുമരുന്നുമായി പിടികൂടിയവരൽ നിന്ന് കൈകൂലി വാങ്ങിയ നർകോട്ടിക്ക് സി ഐ അടക്കം എട്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സി ഐ പി ഇ ഷൈബുവിനെയും സ്ക്വാഡിലെ ഏഴ് ഉദ്യോഗസ്ഥരെയുമാണ് സസ്പെൻഡുചെയ്തത്. ചാലക്കുടി കൊരട്ടി സി ഐ അരുണിന്റെ സഹോദരീ ഭർത്താവ്, സുഹൃത്ത് എന്നിവരിൽനിന്നാണ് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയത്.
കഴിഞ്ഞ മാസം 29-നായിരുന്നു കേസിന് ആസ്പദമായ സംഭവം. അരുണിന്റെ സഹോദരിയും ഭർത്താവും മറ്റൊരു കുടംബവും ഒരുമിച്ച് മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷെബുവും സംഘവും വാഹനപരിശോധന നടത്തിയത്.
സഹോദരീ ഭർത്താവിന്റെ പേഴ്സിൽ നിന്ന് കണ്ടെത്തിയ പായ്ക്കറ്റ് കഞ്ചാവ് ആണെന്ന സംശയത്തിൽ രണ്ട് മണിക്കൂറോളം ഇവരെ റോഡിൽ നിർത്തി. വിട്ടയയ്ക്കണമെങ്കിൽ 25,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പണം നൽകിയപ്പോൾ 3,000 രൂപ പിഴ ചുമത്തി കേസ് ലഘൂകരിച്ച് വിട്ടയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി ഐ അരുൺ സംഭവത്തെക്കുറിച്ച് അന്വേഷിച്ചതോടെ എക്സൈസ് ഉദ്യോഗസ്ഥർ തുക മടക്കി നൽകി. സംഭവം വിവാദമായതിനെത്തുടർന്ന് എക്സൈസ് കമ്മിഷണർ അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു.
ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷൈബു, പ്രിവന്റീവ് ഓഫീസർമാരായ എം സി അനിൽ, സി എസ് വിനേഷ്, കെ എസ് അസീസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി ആർ സുധീർ, കെ എൻ സിജുമോൻ, ആർ മണികണ്ഠൻ, ഡ്രൈവർ പി വി നാസർ എന്നിവർക്കെതിരെയാണ് നടപടി.