തിരുനക്കര മഹാദേവക്ഷേത്രത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി: ഇൻസിനേറ്റർ സ്ഥാപിച്ചു തുടങ്ങി; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു. ക്ഷേത്രത്തിനുള്ളിൽ ആനക്കൊട്ടിലിനു സമീപമായി കൂടിക്കിടക്കുന്ന മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി ഇതിനു സമീപത്തു തന്നെ ഇൻസിനേറ്റർ സ്ഥാപിക്കുകയാണ് ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും. തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയെ തുടർന്നാണ് അതിവേഗം ഇൻസിനേറ്റർ സ്ഥാപിക്കാൻ നടപടിയെടുത്തിരിക്കുന്നത്.
ദിവസവും നൂറ് കണ്ക്കിന് ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രത്തിൽ ആനക്കൊട്ടിലിനു സമീപത്തായി മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് ഭക്തർ തന്നെയാണ് തേർഡ് ഐ ന്യൂസ് ലൈവിന്റെ ശ്രദ്ധയിൽക്കൊണ്ടു വന്നത്. തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇത്തരത്തിൽ ക്ഷേത്ര പരിസരത്ത് വൻ തോതിൽ മാലിന്യം കുന്നു കൂടുന്നതിനാലാണ് തിരുനക്കര ക്ഷേത്രത്തിലെ കൊമ്പൻ ശിവനെ ആനക്കൊട്ടിലിൽ കെട്ടാത്തത് എന്നു പോലും വാദം ഉയർന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്ന് ക്ഷേത്രം അധികൃതരുമായി തേർഡ് ഐ ന്യൂസ് ലൈവ് ബന്ധപ്പെട്ട് വിശദീകരണം തേടിയെങ്കിലും മാലിന്യം സംസ്‌കരിക്കാൻ മാർഗമില്ലെന്നായിരുന്നു ഇവരുടെ വാദം. ഇതേ തുടർന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് ദിവസങ്ങളോളം ഇതു സംബന്ധിച്ചുള്ള വാർത്തകൾ നൽകിയത്. വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ദേവസ്വം ബോർഡും ക്ഷേത്രം ഉപദേശക സമിതിയും യോഗം ചേർന്ന് ക്ഷേത്രത്തിനുള്ളിൽ തന്നെ, ആനക്കൊട്ടിലിനു സമീപത്തായി ഇൻസിനേറ്റർ സ്ഥാപിക്കുന്നതിനു തീരുമാനിച്ചത്. തുടർന്ന് ഇൻസിനേറ്റർ നിർമ്മാണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ ഇൻസിനേറ്റർ നിർമ്മാണം പൂർത്തിയാകുമെന്നാണ് സൂചന.