video
play-sharp-fill

70 വയസിന് മുകളിലുള്ള ഹിന്ദുക്കള്‍ക്കായി വൃദ്ധസദനം; തിരുവനന്തപുരത്ത് പെട്രോള്‍ പമ്പ്; ഗ്യാസ് ഏജന്‍സി തുടങ്ങും;  പ്രഖ്യാപനങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

70 വയസിന് മുകളിലുള്ള ഹിന്ദുക്കള്‍ക്കായി വൃദ്ധസദനം; തിരുവനന്തപുരത്ത് പെട്രോള്‍ പമ്പ്; ഗ്യാസ് ഏജന്‍സി തുടങ്ങും; പ്രഖ്യാപനങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: 70 വയസിന് മുകളിലുള്ള ഹിന്ദുക്കള്‍ക്കായി വൃദ്ധസദനം തുടങ്ങുമെന്ന പ്രഖ്യാപനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

ഹിന്ദു വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും, കൈവശമുള്ള കെട്ടിടം നവീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃദ്ധസദനം നടത്തികൊണ്ടു പോകാന്‍ സാമ്പത്തിക പ്രയാസം ഉണ്ടാകില്ലെന്നും പ്രസിഡന്റ് അറിയിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ വര്‍ഷത്തെ ബഡ്‌ജറ്റിലാണ് പദ്ധതി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ദേവസ്വം ബോര്‍ഡ് ഗ്യാസ് ഏജന്‍സി തുടങ്ങുമെന്നും പ്രസിഡന്റ് അറിയിച്ചു. വാരണാസിയിലെ ബോര്‍ഡ് വക സത്രം പുതുക്കി പണിയും. 2.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നന്ദന്‍കോട് പെട്രോള്‍ പമ്പ് തുടങ്ങാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. 1257 കോടി രൂപയാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനം. 1253 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.

ശബരിമലയ്ക്കായി 21 കോടി രൂപ നീക്കിവെച്ചതായി ദേവസ്വം പ്രസിഡന്റ് അറിയിച്ചു. ശബരിമലയ്ക്ക് 17 കോടി രൂപയുടെ അരവണ കണ്ടെയ്‌നര്‍ ആവശ്യമാണ്. ഈ അധിക ചെലവ് പരിഹരിക്കാന്‍ 10 കോടി രൂപയ്ക്ക് ക്യാന്‍ ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനമായി. ഇതിന്റെ പ്രാരംഭ നടപടികള്‍ക്കായി നാല് കോടി രൂപ വകയിരുത്തി.

പത്തനംതിട്ടയിലെ തിരുവല്ലയിലാണ് ക്യാന്‍ ഫാക്ടറി സ്ഥാപിക്കുക. ശബരിമലയിലും പമ്പയിലും ശൗചാലയങ്ങളുടെ വലിയ കെട്ടിടം സ്ഥാപിക്കുന്നതിനും രണ്ട് കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

പന്തളത്ത് അയ്യപ്പഭക്തര്‍ക്ക് സൗകര്യം വര്‍ദ്ധിപ്പിക്കും. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനായി മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കും. രണ്ട് കോടി രൂപ ഇതിനായി വകയിരുത്തി. മറ്റ് ക്ഷേത്രങ്ങള്‍ക്ക് 35 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളതെന്ന് അനന്തഗോപന്‍ വ്യക്തമാക്കി.