തിരുവാതുക്കലിൽ ക്രിമിനൽ കേസ് പ്രതിയായ  യുവാവിന്റെ തല അടിച്ച് പൊട്ടിച്ച സംഭവം: പ്രധാന പ്രതി അറസ്റ്റിൽ

തിരുവാതുക്കലിൽ ക്രിമിനൽ കേസ് പ്രതിയായ യുവാവിന്റെ തല അടിച്ച് പൊട്ടിച്ച സംഭവം: പ്രധാന പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം : തിരുവാതുക്കലിൽ നിരവധി ക്രിമിനൽ കേസ് പ്രതിയായ യുവാവിന്റെ തലയടിച്ച് പൊട്ടിച്ച സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. തിരുവാതുക്കൽ വേളൂർ പാണംപടി കൊച്ചു പറമ്പിൽ ഫൈസലി (28) ന്റെ തല അടിച്ചു പൊട്ടിച്ച കേസിൽ തിരുവാർപ്പ് വേളൂർ കൊല്ലം പറമ്പിൽ വീട്ടിൽ സതീഷി (സതിയാപ്പി – 35 ) നെയാണ് വെസ്റ്റ് സറ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരി അറിനായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി ക്രിമിനൽ കേസുകളിലും കഞ്ചാവ് കേസിലും പ്രതിയാണ് ഫൈസൽ. സംഭവ ദിവസം വൈകിട്ട് ആറിന് തിരുവാതുക്കൽ മാന്താറ്റിൽ പാലത്തിന് സമീപം മദ്യലഹരിയിൽ എത്തിയ ഫൈസൽ, ഇതു വഴി സൈക്കിളിൽ എത്തിയ ആളെ ആക്രമിച്ചു. ഇയാളെ ചവിട്ടി വീഴ്ത്തുകയും അസഭ്യം പറയുകയും ചെയ്തു.

ഇത് കണ്ട് സതീഷും ഈ സമയം വഴിയിൽ കുടി നിന്ന ആളുകളും പ്രശ്നത്തിൽ ഇടപെട്ടു. ഇതോടെ ഫൈസൽ കയ്യിൽ കരുതിയിരുന്ന വടിവാളും മാരകായുധങ്ങളും കാട്ടി സതീഷ് അടക്കമുള്ളവരെ ഭയപ്പെടുത്തി. ഇവിടെ നിന്ന് മടങ്ങിയ ഫൈസൽ , രാത്രി എട്ടരയോടെ മറ്റൊരു സുഹൃത്തിനെയും കൂട്ടി മാന്താറ്റിൽ എത്തി വീണ്ടും ഭീഷണി മുഴക്കി. തുടർന്നുണ്ടായ സംഘർഷത്തിനിടെ ഫൈസലിന്റെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് ഫൈസലിന്റെ മൊഴിയെടുത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയായ സതീഷ് കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാർ , വെസ്റ്റ് എസ്.എച്ച്.ഒ ഇൻസ്പെക്ടർ എം.ജെ അരുൺ , പ്രിൻസിപ്പൽ എസ്.ഐ ടി.ശ്രീജിത്ത് , എ.എസ്.ഐ പി.എൻ മനോജ് , സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ടി അനസ് , സിവിൽ പൊലീസ് ഓഫിസർ കെ.ആർ ബൈജു എന്നിവർ ചേർന്ന് പ്രതിയെ പിടികൂടി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

നിരവധി ക്രിമിനൽ കേസിലും കഞ്ചാവ് കേസിലും അടക്കം പ്രതിയാണ് ഫൈസൽ.