തിരുവനന്തപുരത്തെ എൻഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന നാമജപ ഘോഷയാത്ര; പൊലീസ് നിർദ്ദേശം ലംഘിച്ചെന്ന് എഫ്ഐആർ; ഘോഷയാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെ കേസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം∙ സ്പീക്കർ എ.എൻ.ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്നലെ എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ തലസ്ഥാനത്ത് നടത്തിയ നാമജപഘോഷയാത്ര പൊലീസ് നിർദ്ദേശം ലംഘിച്ചു. കന്റോൺമെന്റ് പൊലീസ് കേസെടുത്തു. എൻഎസ്എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാറിനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ്.
അന്യായമായി സംഘം ചേർന്നെന്ന് ആരോപിച്ചാണ് കേസ്. കേസിനെ നിയമപരമായി നേരിടുമെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത്കുമാർ വ്യക്തമാക്കി. ഘോഷയാത്ര സമാധാനപരമായിരുന്നു. കേസെടുത്തതിൽ പ്രതിഷേധത്തിനില്ല. ഗണപതി ഭഗവാനു വേണ്ടിയുള്ള കേസാണെന്നും സംഗീത്കുമാർ പറഞ്ഞു. എൻഎസ്എസിന്റെ നാമജപയാത്രയ്ക്കെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ച് വൈകിട്ട് 5.30ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് ബിജെപി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ 175 കരയോഗങ്ങളിൽ നിന്നുള്ളവരാണ് യാത്രയിൽ പങ്കെടുത്തത്. പാളയം ഗണപതി ക്ഷേത്രത്തിൽനിന്ന് വൈകിട്ട് അഞ്ചരയോടെയാണ് ഘോഷയാത്ര ആരംഭിച്ചത്. നിലവിളക്കും നിറപറയും ഒരുക്കിയ ഗണേശ വിഗ്രഹത്തോടൊപ്പം ഗണപതി സ്തുതികളുമായി കരയോഗ അംഗങ്ങൾ അണിനിരന്ന യാത്ര വൈകിട്ട് ആറേമുക്കാലോടെ പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ സമാപിച്ചു. സ്ത്രീകളുൾപ്പെടെ ആയിരക്കണക്കിന് പേരാണ് യാത്രയിൽ പങ്കെടുത്തത്.